സെലിൻ..ഫുട്ബാളിനെ പ്രണയിച്ച ലബനീസ് പെൺകൊടി; ഇസ്രായേൽ ക്രൂരതയിൽ ഇരുളടയുമോ ആ സ്വപ്നങ്ങൾ?
text_fieldsബെയ്റൂത്ത്: ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പോലെ, പന്തടക്കത്തിന്റെ മികവിൽ ലോകമറിയുന്ന താരമാകണമെന്ന് സ്വപ്നം കണ്ടവളായിരുന്നു ആ പെൺകുട്ടി. എന്നാൽ, കണ്ണിൽചോരയില്ലാത്ത ഇസ്രായേൽ നരനായാട്ട് കളിക്കളത്തിന് പകരം ആ 19 കാരിയെ കൊണ്ടെത്തിച്ചത് ആശുപത്രിക്കിടക്കയിൽ. ദേശീയ വനിതാ ടീമിൽ കളിക്കുക എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയായിരുന്ന ലെബനീസ് ഫുട്ബാൾ താരം സെലിൻ ഹൈദർ എന്ന മിടുക്കി ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുകയാണിപ്പോൾ.
ഇസ്രായേലി ബോംബുകൾ വർഷിച്ച തെക്കൻ ബെയ്‌റൂത്തിൽ നിന്നും മറ്റ് ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ നിന്നും പലായനം ചെയ്ത ദശലക്ഷത്തിലധികം ആളുകളിൽ സെലിന്‍റെ കുടുംബവും ഉൾപ്പെട്ടിരുന്നു. എന്നാൽ, സെലിന് പഠനത്തിനും പരിശീലനത്തിനുമായി ബെയ്റൂത്തിലേക്ക് മടങ്ങേണ്ടി വന്നതായി പിതാവ് അബ്ബാസ് ഹൈദർ പറഞ്ഞു.
മുന്നറിയിപ്പ് ഉണ്ടാകുമ്പോഴും ബോംബിങ് ശക്തമാകുമ്പോഴും അവൾ വീട് വിടും. തുടർന്ന് രാത്രി ഉറങ്ങാൻ വീട്ടിൽ തിരിച്ചെത്തും. കഴിഞ്ഞ ശനിയാഴ്ചയും ഒഴിപ്പിക്കൽ മുന്നറിയിപ്പ് സെലിനെ പിതാവ് അറിയിച്ചിരുന്നു. അധികം വൈകാതെ സെലിൻ ആശുപത്രിയിലാണെന്ന ഭാര്യയുടെ സന്ദേശമാണ് തന്നെത്തേടി എത്തിയതെന്ന് അദ്ദേഹം പറയുന്നു.
തന്‍റെ വീടിനടുത്തുള്ള ഷിയായിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സെലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്ന സെലിൻ ഹൈദറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൊടുങ്കാറ്റു പോലെ പ്രചരിച്ചു.
കളിക്കളത്തിലെ പോരാളിയായിരുന്നു സെലിൻ. കഴിഞ്ഞ വർഷം ലബനീസ് വനിത ഫുട്ബാൾ ലീഗിൽ കിരീടം ചൂടിയ ബെയ്റൂത്ത് ഫുട്ബാൾ അക്കാദമിയുടെ ശക്തികേന്ദ്രമായിരുന്നു ആ 19കാരി. മധ്യനിരയിൽ ടീമിന്റെ കരുനീക്കങ്ങൾക്ക് ഭാവനാ സമ്പന്നതയോടെ ചുക്കാൻ പിടിക്കുന്നവൾ. കളത്തിൽ ഏറെ ഭാവിയുള്ള താരമെന്ന് എല്ലാവരും വിലയിരുത്തിയിരുന്നു. ആശിച്ചതുപോലെ ദേശീയ ടീമിലേക്ക് വൈകാതെ വിളിയെത്തുമെന്ന് ഉറപ്പിച്ചിരിക്കേയാണ് ഇസ്രായേലിന്റെ ക്രൂരതയിൽ അവളുടെ ജീവൻതന്നെ അപകടമുനമ്പിലായത്. 2022ൽ നടന്ന പശ്ചിമേഷ്യൻ അണ്ടർ 19 ഫുട്ബാൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ടീമിൽ അംഗമായിരുന്നു സെലിൻ. ഈ സീസണിൽ ക്ലബിന്റെ നായികസ്ഥാനം അണിയേണ്ടവളായിരുന്നു.
തലക്ക് അടിയേറ്റ് തലയോട് പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടായതാണ് മകളെ അബോധാവസ്ഥയിൽ എത്തിച്ചതെന്ന് സെലിന്‍റെ മാതാവ് സനാ ഷഹ്‍രൂർ പറയുന്നു. ‘അവൾക്ക് മനോഹരമായ സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നത്തെ പക്ഷേ, അവർ കൊന്നുകളഞ്ഞു’. അപ്പോഴും, തന്‍റെ മകൾ തളരാത്ത നായികയാണെന്നും മനസ്സിലേറ്റിയ ആ പന്തിനൊപ്പം നേട്ടങ്ങളിലേക്ക് കയറിയെത്താൻ കളിക്കളത്തിലേക്ക് അവൾ മടങ്ങി വരുമെന്നും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.