യുക്രെയ്ൻ വിഷയം: യു.എൻ. സുരക്ഷാ കൗൺസിലിൽ ആദ്യമായി റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ
text_fieldsവാഷിങ്ടൺ : യു.എൻ. സുരക്ഷാ കൗൺസിലിൽ ആദ്യമായി യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ റഷ്യക്കെതിരെ വോട്ട് ചെയ്തു. ബുധനാഴ്ച നടന്ന 'നടപടിക്രമ വോട്ടെടുപ്പിലാണ്' ഇന്ത്യ റഷ്യക്കെതിരെ വോട്ട് ചെയ്തത്.
യുക്രെയ്‌ൻ സ്വാതന്ത്ര്യത്തിന്റെ 31-ാം വാർഷികത്തിൽ, ആറ് മാസമായി തുടരുന്ന സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ബുധനാഴ്ച സുരക്ഷാ കൗൺസിൽ യോഗം ചേർന്നത്.
വീഡിയോ ടെലി കോൺഫറൻസിലൂടെ കൗൺസിലിനെ അഭിസംബോധന ചെയ്യാൻ 15 അംഗ യു.എൻ ബോഡി യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കിയെ ക്ഷണിച്ചിരുന്നു.
യോഗം ആരംഭിച്ചപ്പോൾ, യുക്രെയ്ൻ പ്രസിഡന്റ് ടെലി കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടത്തണമെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ അഭ്യർത്ഥിച്ചു.
സെലെൻസ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിർക്കുന്നില്ലെന്നും എന്നാൽ പങ്കാളിത്തം നേരിട്ടായിരിക്കണമെന്നും നെബെൻസിയ ആവശ്യപ്പെട്ടു.കോവിഡ് 19 മഹാമാരിയുടെ കാലത്ത് ടെലി കോൺഫറൻസുകൾ നന്നിരുന്നെങ്കിലും അത് അനൗപചാരികം മാത്രമായിരുന്നെന്നും അദ്ദേഹം വാദിച്ചു. അതിനാൽ ടെലി കോൺഫറൻസ് സംബന്ധിച്ച് വോട്ടെടുപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുക്രെയ്ൻ യുദ്ധത്തിലാണെന്നും രാജ്യത്തെ സാഹചര്യങ്ങൾ മൂലം പ്രസിഡന്റിന് സമിതിയിൽ നേരിട്ടെത്താൻ സാധിക്കാത്തതിനാൽ ടെലികോൺഫറൻസ് മതിയെന്നും അതിനായി എല്ലാവരും വോട്ട് ചെയ്യണമെന്നും അൽബേനിയയുടെ ഫെറിറ്റ് ഹോക്സ ആവശ്യപ്പെട്ടു.
ഇരുവരുടെയും പ്രസ്താവനകളെത്തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ 15 അംഗ സമിതിയിൽ ഇന്ത്യയടക്കം 13 പേർ സെലൻസ്കിയെ പങ്കെടുപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യ എതിർത്തു. ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
കൗൺസിൽ അംഗങ്ങൾ സംഘടനാ നിയമങ്ങൾ പാലിക്കാത്തതിരെ നെബെൻസിയ ഖേദം പ്രകടിപ്പിച്ചു. കിയവിന്റെ പാശ്ചാത്യ പിന്തുണക്കാരുടെ യുക്തി ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് പറഞ്ഞു, കൗൺസിലിന്റെ അടിത്തറയും സമ്പ്രദായങ്ങളും നശിപ്പിക്കുന്നതിന് മറ്റ് അംഗങ്ങൾ സംഭാവന നൽകിയതിൽ നിരാശ പ്രകടിപ്പിച്ചു.
സെലെൻസ്‌കി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പരാമർശത്തിൽ, യുക്രെയ്‌നിനെതിരായ ആക്രമണങ്ങൾക്ക് റഷ്യൻ ഫെഡറേഷനെ ഉത്തരവാദിയാക്കണമെന്ന് ആവശ്യപ്പെട്ടു. 'മോസ്കോയെ ഇപ്പോൾ പിടിച്ചു നിർത്തിയില്ലെങ്കിൽ, ഈ റഷ്യൻ കൊലപാതകികൾ മറ്റ് രാജ്യങ്ങളിലേക്കും എത്തിച്ചേരും, ഞങ്ങളുടെ സ്വാതന്ത്ര്യമാണ് നിങ്ങളുടെ സുരക്ഷ' സെലൻസ്കി സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.
ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നെതിരെ സൈനിക നീക്കം ആരംഭിച്ചത്. യുക്രെയിനുമായി ബന്ധപ്പെട്ട യു.എൻ സുരക്ഷാ കൗൺസിലിൽ നിന്ന് നേരത്തെ ന്യൂഡൽഹി വിട്ടുനിന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ അലോസരപ്പെടുത്തിയിരുന്നു.
സൈനിക നീക്കത്തെ തുടർന്ന് യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതേസമയം, റഷ്യയുടെ കടന്നുകയറ്റത്തെ ഇന്ത്യ വിമർശിച്ചിരുന്നില്ല. റഷ്യയെയും യുക്രെയ്നെയും നയതന്ത്രത്തിന്റെ പാതയിൽ കൊണ്ടുവന്ന് സംഭാഷണം നടത്തുവാനാണ് ഇന്ത്യ ശ്രമിച്ചത്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിനുവേണ്ട നയപരമായ എല്ലാ ശ്രമങ്ങൾക്കും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ നിലവിൽ സുരക്ഷാ കൗൺസിലിൽ സ്ഥിരംഗമല്ല. രണ്ടു വർഷത്തെ കാലാവധിയാണ് ഇന്ത്യക്കുള്ളത്. കാലാവധി ഡിസംബറിൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.