'ഇത് വിയറ്റ്നാം മോഡൽ പിന്തിരിഞ്ഞോട്ടമല്ല'- അഫ്ഗാനിലെ തിരക്കിട്ട യു.എസ് പിന്മാറ്റത്തിനെതിരായ വിമർശനങ്ങൾ തള്ളി ബ്ലിങ്കെൻ
text_fieldsവാഷിങ്ടൺ: പാവ ഭരണകൂടങ്ങളെ നിഴലായി മുന്നിൽനിർത്തി നീണ്ട രണ്ടു പതിറ്റാണ്ട് അടക്കി ഭരിച്ച അഫ്ഗാൻ മണ്ണിൽനിന്ന് ഒടുവിൽ അതിവേഗം നാട്ടിലെത്താൻ തിടുക്കംകൂട്ടുന്നതിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ. 1975ൽ യുദ്ധമവസാനിപ്പിച്ച് വിയറ്റ്നാമിൽനിന്ന് ഓടിപ്പോകേണ്ടിവന്നതിന് സമാനമായ മടക്കമല്ല ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ, കാബൂൾ എംബസിയിലെ പതാക താഴ്ത്തി കെട്ടിട സമുച്ചയം പൂർണമായി ഒഴിപ്പിച്ച് അംബാസഡർ ഉൾപെടെ നാടുവിട്ടത് വിയറ്റ്നാം യുദ്ധത്തിന്‍റെ ബാക്കിപത്രമായ സായ്ഗോൺ സംഭവത്തിന് സമാനമാണെന്ന പരിഹാസം വ്യാപകമാണ്. അമേരിക്കൻ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആയിരക്കണക്കിന് യു.എസ് പൗരന്മാരെയും നാട്ടിലെത്തിക്കാൻ മാത്രമായി 1,000 സൈനികരെയാണ് അധികമായി അമേരിക്കൻ സർക്കാർ ഞായറാഴ്ച അഫ്ഗാനിലെത്തിച്ചത്. 3,000 സൈനികർ അഫ്ഗാനിലും മറ്റൊരു 3,000പേർ കുവൈത്തിലും പ്രവർത്തിച്ചാണ് പിന്മാറ്റം അമേരിക്ക പൂർത്തിയാക്കുന്നത്. ഇത് കഴിയുന്നതോടെ ഈ സൈനികരും മടങ്ങും.
ഞായറാഴ്ച കാബൂളിലെ അതിസുരക്ഷയുള്ള ഗ്രീൻ സോണിൽനിന്ന് നിരന്തരം ഹെലികോപ്റ്ററുകൾ പറന്ന് പരമാവധി വേഗത്തിൽ എല്ലാ നയതന്ത്ര പ്രതിനിധികളെയും വിമാനത്താവളത്തിലെത്തിച്ച് തിരികെ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എംബസി നിലനിന്ന വിശാലമായ കെട്ടിട സമുച്ചയത്തിലെ പതാക ഒഴിവാക്കിയതും ശ്രദ്ധേയമായി.
വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാന ഘട്ടത്തിൽ വടക്കൻ വിയറ്റ്നാം സേന തെക്കൻ മേഖലകളിലേക്ക് കടന്നുകയറിയ 1975 ഏപ്രിലിലാണ് സമാനമായി അമേരിക്കൻ സേന അതിവേഗ പിന്മാറ്റം നടത്തിയിരുന്നത്. സായ്ഗോണിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിനരികെ ഇവർ എത്തിയതോടെ ശരിക്കും ഭയന്നുപോയ അമേരിക്കക്ക് മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. റഷ്യൻ, ചൈനീസ് പിന്തുണയോടെയായിരുന്നു വടക്കൻ വിയറ്റ്നാം സേനയുടെ മുന്നേറ്റം. വിമാനത്താവളത്തിനരികെയുണ്ടായിരുന്ന യു.എസ് സൈനിക താവളത്തിനു നേരെ ഏപ്രിൽ 28ന് ആക്രമണം നടക്കുക കൂടി ചെയ്തതോടെ നയതന്ത്രപ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും തിടുക്കപ്പെട്ട് ഒഴിപ്പിക്കുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ 7,000 പേരെയാണ് രണ്ടു ദിവസത്തിനിടെ അമേരിക്ക ഒഴിപ്പിച്ചത്. അതിൽ പലരെയും എംബസി സമുച്ചയത്തിൽനിന്ന് നേരിട്ടും. കടലിൽ ദൂരെ നിർത്തിയിട്ട കപ്പലിലേക്ക് നയതന്ത്ര പ്രതിനിധികളെയും മറ്റും മാറ്റുകയായിരുന്നു. കപ്പലിൽ ആളെ ഇറക്കാൻ ഹെലികോപ്റ്ററുകൾ തിരക്കുകൂട്ടിയത് ഉണ്ടാക്കിയ പ്രശ്നങ്ങൾ വേറെ.
അവിടെയും വടക്കൻ സേനയൂടെ വരവ് ഇത്ര പെട്ടെന്നാകുമെന്ന് കണക്കുകൂട്ടാനാകാത്തതാണ് വില്ലനായിരുന്നത്.
അഫ്ഗാനിൽ ആഗസ്റ്റ് അവസാനത്തോടെ എല്ലാ യു.എസ് സൈനികരും മടങ്ങിയാലും മൂന്നുമാസം വരെ ഔദ്യോഗിക സർക്കാർ കാബൂൾ കേന്ദ്രീകരിച്ച് ഭരിക്കുമെന്നായിരുന്നു യു.എസ് കണക്കുകൂട്ടൽ. എന്നാൽ, ആഗസ്റ്റ് പൂർത്തിയാകുംമുെമ്പ എല്ലാം പിടിച്ചടക്കി താലിബാൻ ഭരണത്തിലേക്ക് അവസാന ചുവടും വെച്ചതോടെ എല്ലാം കൈവിട്ടുപോകുകയായിരുന്നു.
വിയറ്റ്നാമിൽ അമേരിക്കക്കുവേണ്ടി പ്രവർത്തിച്ച നാട്ടുകാരെയും സമാനമായി അമേരിക്ക കുടിയൊഴിപ്പിച്ചിരുന്നു. വടക്കൻ സേനയുടെ പ്രതികാര നടപടികൾ ഭയന്നായിരുന്നു നടപടി. അഫ്ഗാനികൾക്കും സമാനമായി വിസ പ്രത്യേക അനുവദിച്ച് യു.എസിലെത്തിക്കാനാണ് നീക്കം. അമേരിക്കക്കാരും അഫ്ഗാനികളുമായി മൊത്തം 30,000 ഓളം പേരെ കൊണ്ടുപോകുകയെന്ന വലിയ ഉത്തരവാദിത്വമാണ് ബൈഡനു മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.