ഗസ്സയിലെ ജനങ്ങളെ നിർബന്ധപൂർവം മാറ്റുന്നത് ക്രൂരത; ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉർദുഗാൻ
text_fieldsക്വാലാലംപൂർ: ഗസ്സയിലെ ജനങ്ങളൈ നിർബന്ധപൂർവം മാറ്റുന്നത് ക്രൂരതയാണെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഉർദുഗാന്റെ പ്രതികരണം. ഞങ്ങളുടെ മേഖലയെ കുറിച്ച് തെറ്റായ കണക്കുകൂട്ടലുകളാണ് യു.എസിന് ഉള്ളതെന്നും ഉർദുഗാൻ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതിന് മടങ്ങുന്നതിനിടെ വിമാനത്തിനുള്ളിൽ വെച്ചാണ് ഉർദുഗാൻ മാധ്യമപ്രവർത്തകരെ കണ്ടത്.
മേഖലയുടെ ചരിത്രം, മൂല്യങ്ങൾ എന്നിവ അവഗണിക്കുന്ന സമീപനം ഗസയെ സംബന്ധിച്ചടുത്തോളം സ്വീകരിക്കാതിരിക്കുകയാണ് നല്ലത്. ഗസ്സയിലെ ജനങ്ങൾ അനുഭവിച്ച ദുരന്തം വിസ്മരിക്കുന്നത് യു.എസിന് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തേക്കാളുപരി സമാധാനത്തിന് പ്രാധാന്യം നൽകുമെന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനം പാലിക്കാൻ യു.എസ് പ്രസിഡന്റ് തയാറാവണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു.
ഫലസ്തീനിയൻ ജനതയെ സംരക്ഷിച്ച് കൊണ്ട് പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരം കാണുകയാണ് വേണ്ടത്. ഫലസ്തീൻ അവകാശങ്ങൾക്ക് വേണ്ടിയാണ് തുർക്കിയ നിലകൊണ്ടത്. അന്താരാഷ്ട്രവേദികളിൽ പരമാവധി ഫലസ്തീൻ പ്രശ്നം ഉയർത്താനും ശ്രമിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതക്ക് സ്വീകാര്യമായ ഒരു പരിഹാരം നിർദേശം ഉണ്ടാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കിടെയാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്. ഗസ്സയെ വലിയ റിയൽ എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
‘ഞങ്ങൾ അത് ഏറ്റെടുക്കും. പുനർനിർമ്മിക്കാൻ ഗസ്സയുടെ ഭാഗങ്ങൾ മിഡിൽ ഈസ്റ്റിലെ മറ്റ് രാഷ്ടങ്ങൾക്ക് നൽകാം. ഞങ്ങളുടെ ആഭിമുഖ്യത്തിൽ മറ്റുള്ളവർക്കും അത് ചെയ്യാം. എന്നാൽ, ഗസ്സയിൽ ഹമാസ് തിരിച്ചെത്താതിരിക്കാനും അവരത് സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഗസ്സക്കാർക്ക് തിരികെ വരാൻ ഇപ്പോൾ അവിടെ ഒന്നുമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.