ഉയിഗൂർ മുസ്ലിങ്ങളെ നിർബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്നു; ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി അമേരിക്ക
text_fieldsവാഷിങ്ടൺ: ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് അേമരിക്ക. കമ്പ്യൂട്ടർ ഭാഗങ്ങൾ, കോട്ടൺ, വസ്ത്രങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയവക്കാണ് നിരോധനം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിൻജിയാങ് പ്രവിശ്യയിലെ നിർബന്ധിത ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെക്കൊണ്ടാണ് ഇവ ഉൽപ്പാദിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസിെൻറ നടപടി.
കോവിഡ് 19 വ്യാപനത്തോടെ യു.എസ് -ചൈന ബന്ധം വഷളായിരുന്നു. ലോകത്തിൽ കോവിഡ് പടർന്നുപിടിക്കാൻ കാരണം ചൈനയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഷിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനം, ഹോങ്കോങ്ങിെൻറ സ്വയം ഭരണം, തിബറ്റ്, സാങ്കേതികവിദ്യ മോഷണം തുടങ്ങിയ ആരോപണങ്ങളോടെ ബന്ധം കൂടുതൽ വഷളായി.
ഷിൻജിയാങ് ഉയിഗൂർ പ്രദേശത്ത് ചൈനീസ് സർക്കാർ കമ്പനികളും സംഘടനകളും തൊഴിലാളികളെ നിർബന്ധിച്ച് പണിയെടുപ്പിച്ചാണ് ഈ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെന്നും ചൈനീസ് സർക്കാർ ഈ വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഉൽപ്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ ശേഷം ഡിപ്പാർട്ട്മെൻറ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
ചൈനീസ് സർക്കാർ ഷിൻജിയാങ് മേഖലയിലെ ഉയിഗൂർ മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച് 28 ചൈനീസ് സംഘടനകളെയും കമ്പനികളെയും അമേരിക്ക നേരത്തേ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.