അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിക്കുന്നത് വധശിക്ഷക്ക് തുല്യം -ഇസ്രായേലിന് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: തെക്കൻ ഗസ്സ മുനമ്പിലെ നിറഞ്ഞുകവിഞ്ഞ ആശുപത്രികളിലെ ആയിരക്കണക്കിന് രോഗികളെ ഒഴിപ്പിക്കാൻ ഇസ്രാതേൽ നിർബന്ധം പിടിക്കുന്നത് വധശിക്ഷയ്ക്ക് സമാനമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് .ഹമാസിനെതിരെ കരയുദ്ധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഫലസ്തീനികൾ വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു.
വടക്കൻ ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 22 ആശുപത്രികളിൽ 2000 ത്തിലേറെ രോഗികളെയാണ് ചികിത്സിക്കുന്നത്. ഈ സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ വ്യഗ്രതയെ ലോകാരോഗ്യ സംഘടന രൂക്ഷമായി വിമർശിച്ചു.
രോഗികളെയും ആരോഗ്യപ്രവർത്തകരെയും നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് നിലവിലെ മാനുഷിക പ്രശ്നം കൂടുതൽ പരിതാപകരമാക്കും. വലിയൊരു മാനുഷിക ദുരന്തത്തിനായിരിക്കും അത് വഴിവെക്കുകയെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി.
രോഗികൾ പലരും ഗുരുതരാവസ്ഥയിൽ കഴിയുന്നവരാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മരണത്തെ മുന്നിൽ കണ്ട് കഴിയുന്ന ഇത്തരം ദുർബലരായ രോഗികളെയും ഇൻക്യുബേറ്ററിലുള്ള നവജാതശിശുക്കളെയും സങ്കീർണമായ ഗർഭാവസ്ഥയിലുള്ളവരെയും ഹീമോഡയാലിസിസിന് വിധേയമാകുന്നവരെയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉപേക്ഷിക്കുന്നതും സംഘർഷാവസ്ഥയിൽ മരണത്തെ മുന്നിൽ കണ്ട് ജോലി ചെയ്യുന്നതും ആരോഗ്യപ്രവർത്തകരെ സംബന്ധിച്ച് ഒരുപോലെ വേദനാജനകമായ അനുഭവമാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെ അവർ ഒരിക്കലും ആക്രമിക്കാൻ പാടില്ല. അവരെ മാനിക്കേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു.എച്ച്. ഒ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.