കാനഡയിൽ വിദേശികൾ വീടുവാങ്ങുന്നതിന് വിലക്ക്
text_fieldsഒട്ടാവ: കാനഡയിൽ വിദേശികൾ വീടുവാങ്ങുന്നതിന് നിരോധനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവിൽ വന്നത്. നിലവിൽ രണ്ടു വർഷത്തേക്കാണ് വിലക്ക്. കൂടുതൽ പ്രദേശവാസികൾക്ക് ന്യാമായ തുകക്ക് താമസ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, അഭയാർഥികൾ, പൗരൻമാരല്ലാത്ത സ്ഥിരതാമസക്കാർ എന്നിവർക്ക് രാജ്യത്ത് വീടുകൾ വാങ്ങാം.
നിരോധനം നഗരത്തിലെ വീടുകൾക്ക് മാത്രമാണെന്നും സമ്മർ കോട്ടേജുകൾ പോലെ വിനോദങ്ങൾക്ക് വേണ്ടിയുള്ളവക്കല്ലെന്നും ഡിസംബർ അവസാനം ഒട്ടാവ അധികൃതർ വ്യക്തമാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങൾ വർധിച്ചതോടെ രാജ്യത്ത് വില കുതിച്ചുയർന്നു. അതിനാൽ വീടുകൾ വാങ്ങാൻ പല കാനഡക്കാർക്കും സാധിക്കാതായിരുന്നു.
രണ്ട് വർഷത്തേക്ക് താത്കാലികമായി വിദേശികൾ വീടുവാങ്ങുന്നതിന് നിരോധനം ഏർപ്പെടുത്താനുള്ള നിർദേശം 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജസ്റ്റിൻ ട്രൂഡോ മുന്നോട്ടുവെച്ചിരുന്നു.
കനേഡിയൻ വീടുകളുടെ ചാരുത സമ്പന്നരെയും വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ഒരുപോലെ ആകർഷിക്കുന്നു. ഇത് ഉപയോഗിക്കാതെ, ഒഴിഞ്ഞു കിടക്കുന്ന നിരവധി വീടുകൾ ഉണ്ടാകുന്നതിനിടയാക്കുകയും വില കുതിച്ചുയരുകയും സാധാരണ നാട്ടുകാർക്ക് താങ്ങാനാവാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വീടുകൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. നിക്ഷേപകർക്ക് വേണ്ടിയല്ല -എന്നായിരന്നു നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പറഞ്ഞത്. അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പതുക്കെ, വിദേശികൾ വീടുവാങ്ങുന്നതിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് വരികയായിരുന്നു.
വിദേശികളുടെ ഇഷ്ടമേഖലകളായ വാർകോവർ, ടൊറന്റോ എന്നിവിടങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന താമസക്കാരില്ലാത്ത വീടുകൾക്ക് നികുതി ചുമത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വിദേശികൾക്ക് വീടുള്ളത്. ഇവർ വീടുവാങ്ങുന്നത് നിരോധിക്കുന്നത് കൊണ്ടുമാത്രം വീടുകളുടെ വിലകുറയില്ലെന്നാണ് നാഷണൽ സ്ട്രാറ്റജിക്കൽ ഏജൻസിയുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.