അഫ്ഗാൻ മുൻ പ്രസിഡൻറ് ഹാമിദ് കർസായി താലിബാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsകാബൂൾ: പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി താലിബാൻ നേതാക്കളുമായി അഫ്ഗാനിസ്താൻ മുൻപ്രസിഡന്റ് ഹാമിദ് കർസായിയും കൂടിയാലോചന സമിതി അധ്യക്ഷൻ അബ്ദുല്ല അബ്ദുല്ലയും ചർച്ച നടത്തി. നിരോധിത ഹഖാനി വിഭാഗത്തിെൻറ തലവനും താലിബാൻ കമാൻഡറുമായ അനസ് ഹഖാനിയുമായിട്ടാണ് ഇവർ കൂടിക്കാഴ്ച്ച നടത്തിയത്. മുതിർന്ന താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറുമായും ചർച്ച നടത്തുമെന്ന് കർസായിയുടെ വക്താവ് അറിയിച്ചു.
പടിഞ്ഞാറൻ സഖ്യത്തിനെ തോൽപിക്കാനായി രൂപം കൊണ്ട സായുധ ഗറില്ലാവിഭാഗമായ ഹഖാനി ഗ്രൂപ് പിന്നീട് താലിബാെൻറ ഭാഗമായി. ഹഖാനി ഗ്രൂപ്പിനെ 2012ൽ അമേരിക്ക ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവരെ സർക്കാറിൽ ഉൾപ്പെടുത്തുന്നത് രാജ്യാന്തര ഉപരോധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇസ്ലാമിക സർക്കാറായിരിക്കും രൂപവത്കരിക്കുകയെന്ന് താലിബാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ജലാലാബാദിൽ അഫ്ഗാൻ ദേശീയ പതാക നീക്കി താലിബാൻ പതാക ഉയർത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ദേശീയപതാക നീക്കുന്നതിനെതിരെ പ്രദേശവാസികൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പിന്നീട് മറ്റൊരു സ്ഥലത്ത് അഫ്ഗാൻ പതാക പുനഃസ്ഥാപിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും ടി.വി കാമറമാനെയും താലിബാൻ മർദിച്ചു. ജലാലാബാദിനു പുറമെ ഖോസ്തിലും മറ്റ് പ്രവിശ്യകളിലും താലിബാനെതിരെ സമാനമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെ, ബ്രിട്ടനും ജർമനിയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും ഒഴിപ്പിക്കൽ തുടരുകയാണ്. സൈനിക വിമാനങ്ങളിൽ കാബൂളിൽ നിന്ന് ഇതുവരെ 3,200 പേരെ ഒഴിപ്പിച്ചതായി അമേരിക്ക അറിയിച്ചു.
പൊതു മാപ്പ് പ്രഖ്യാപിച്ച താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കുമെന്നും മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അമേരിക്കയും യൂറോപ്യൻ യൂനിയനും ഉൾപ്പെടെയുള്ള 18 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.