ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും എം.പിയുമായ മഷ്റഫി മൊർതാസയുടെ വീടിന് തീവെച്ചു
text_fieldsധാക്ക: പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ അക്രമികൾ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഷ്റഫി മൊർതാസയുടെ വീടിന് തീവെച്ചു. മൊര്‍താസയുടെ നരെയ്‌ലിലെ വീടാണ് ആക്രമണത്തിനിരയായത്. രാജിവെച്ച് രാജ്യംവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ.
അക്രമം നടക്കുമ്പോള്‍ മൊർതാസ സ്ഥലത്തില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പ്രക്ഷോഭകാരികള്‍ അദ്ദേഹത്തിന്റെ വീടിന് നേരെ തിരിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ നരെയ്‍ൽ മണ്ഡലത്തിൽ നിന്നാണ് മൊർതാസ വിജയിച്ചത്. 117 മത്സരങ്ങളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 26 ടെസ്റ്റ്, 220 ഏകദിനം, 54 ട്വന്‍റി20 എന്നിവ കളിച്ച മൊർതാസ 390 വിക്കറ്റും 2995 റൺസും നേടിയിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ 2018ലാണ് മൊർതാസ രാഷ്ട്രീയത്തിലേക്ക് കടന്നത്.
പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ടിരിക്കുകയാണ്. ഇന്നലെ ആയിരക്കണക്കിന് പ്രക്ഷോഭകർ ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി കൈയേറിയിരുന്നു. ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകൾക്ക് സമരക്കാർ തീയിട്ടു. രാജ്യത്തുടനീളം വ്യാപക സംഘർഷ സാഹചര്യമാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.