ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബാങ്ക് അക്കൗണ്ടുകൾ 17 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ചു
text_fieldsധാക്ക: ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സനും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാന്‍ നാഷനൽ ബോർഡ് ഓഫ് റവന്യൂ (എൻ.ബി.ആർ) ബാങ്കുകൾക്ക് നിർദേശം നൽകി. രണ്ടുതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ബി.എൻ.പി ചെയർപേഴ്സന്‍റെ അക്കൗണ്ടുകൾ 2007 ആഗസ്റ്റിലാണ് മരവിപ്പിച്ചത്. എൻ.ബി.ആറിന്‍റ സെൻട്രൽ ഇന്‍ററലിജൻസ് സെല്ലിന്റെ നിർദേശപ്രകാരമായിരുന്നു ബാങ്കുകളുടെ നടപടി. അന്നത്തെ കരസേനയുടെ പിന്തുണയുള്ള താൽക്കാലിക സർക്കാറിന്റെ കാലത്ത് രൂപവത്കരിച്ച സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് എൻ.ബി.ആറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നടപടി പിൻവലിക്കണമെന്ന് ബി.എൻ.പി പലതവണ ആവശ്യപ്പെട്ടിരുന്നു.
വ്യാപക പ്രക്ഷോഭങ്ങളെ തുടർന്ന് ബംഗ്ലാദേശ് അവാമി ലീഗിന്‍റെ 15 വർഷത്തെ ഭരണത്തിന് അന്ത്യമാകുകയും പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുകയും ചെയ്തതിന് പിന്നാലെ 79കാരിയായ ഖാലിദ സിയ 17 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതയായിരുന്നു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഭരണം നടത്തുന്നത്.
1991 മാർച്ച് മുതൽ 1996 മാർച്ച് വരെയും 2001 ജൂൺ മുതൽ 2006 ഒക്ടോബർ വരെയും ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു. അക്കൗണ്ടുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സിയയുടെ അഭിഭാഷകനിൽനിന്ന് ഞായറാഴ്ച അപേക്ഷ ലഭിച്ചതായി എൻ.ബി.ആർ അധികൃതർ അറിയിച്ചു. നിലവിലെ അന്വേഷണത്തിൽ നികുതിയുമായി സംബന്ധിച്ച ഒരു ക്രമക്കേടും നടന്നിട്ടില്ലാത്തതിനാൽ എല്ലാ ബാങ്കുകളോടും അക്കൗണ്ട് തുറന്നു നൽകാന്‍ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.