പ്രഫ. ഖുർശിദ് അഹ്മദ് അന്തരിച്ചു
text_fieldsപ്രഫ. ഖുർശിദ് അഹ്മദ്
ലണ്ടൻ: പ്രമുഖ ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനും പാകിസ്താൻ ജമാഅത്തെ ഇസ്‍ലാമി നേതാവുമായ പ്രഫ. ഖുർശിദ് അഹ്മദ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി സ്വന്തം രചനകളും തർജമയും എഡിറ്റ് ചെയ്തതും ഉൾപ്പെടെ 70ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പല കൃതികളും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കറാച്ചി ഗവ. കോളജില്‍ സാമ്പത്തിക ശാസ്ത്രപഠനം നടത്തിയ അദ്ദേഹം മലേഷ്യ സർവകലാശാല, യു.കെയിലെ ലോഫ്ബറോ സർവകലാശാല എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ മൂന്ന് ഗവേഷണ ബിരുദങ്ങൾ അദ്ദേഹം നേടി.
സിയാഉൽ ഹഖ് മന്ത്രിസഭയിൽ ആസൂത്രണകാര്യ മന്ത്രിയായിരുന്ന പ്രഫ. ഖുർശിദ് അഹ്മദ് ദീർഘകാലം പാകിസ്താൻ സെനറ്റ് അംഗവുമായിരുന്നു. ഇസ്‍ലാമിക സാമ്പത്തികശാസ്ത്രത്തിന് നൽകിയ സംഭാവന മുൻനിർത്തി 1988ൽ ആദ്യ ഇസ്‍ലാമിക് ഡെവലപ്മെന്റ് ബാങ്ക് അവാർഡ് ഫോർ ഇക്കണോമിക്സ് അദ്ദേഹത്തിന് ലഭിച്ചു.
1990ൽ കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. 1998ൽ അമേരിക്കൻ ഫിനാൻസ് ഹൗസിന്റെ പ്രശസ്തമായ ലാ രിബ പ്രൈസ് ഇൻ ഇസ്‍ലാമിക് ഫിനാൻസ് പുരസ്കാരവും നേടി. ഡൽഹിയിൽ മുസ്‍ലിം ലീഗ് കൗൺസിലറായിരുന്ന അദ്ദേഹം വിഭജനാനന്തരമാണ് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് മാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.