അഫ്ഗാൻ പിടിച്ചെടുത്തതോടെ പലായനം ചെയ്ത മുൻ സർക്കാറിലെ ഉദ്യോഗസ്ഥർ മടങ്ങിവരണമെന്ന്
text_fieldsകാബൂൾ: താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് പലായനം ചെയ്ത മുൻ സർക്കാറിലെ ഉദ്യോഗസ്ഥർ മടങ്ങിവരണമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്. മടങ്ങിവരുന്നവരുടെ ജീവന് പൂർണ സുരക്ഷിതത്വം നൽകുമെന്നും അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ ഉറപ്പുനൽകി. നയതന്ത്രപ്രതിനിധികൾ, എംബസി ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ജീവനും ഭീഷണിയുണ്ടാകില്ല. മറ്റു രാജ്യങ്ങളുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കും. രക്തച്ചൊരിച്ചിലിെൻറ സമയം കഴിഞ്ഞു, തകർന്നടിഞ്ഞ രാജ്യത്തെ പുനർനിർമിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. താലിബാന് അഫ്ഗാൻ ജനതയോട് വലിയ ഉത്തരവാദിത്തമുണ്ട്. യു.എസ് അധിനിവേശത്തിനുശേഷം രൂപംകൊണ്ട സർക്കാറുകളിൽ പ്രവർത്തിച്ചവർക്ക് മാപ്പുനൽകും -അഖുന്ദ് ആവർത്തിച്ചു.
പാശ്ചാത്യ പിന്തുണയുള്ള സർക്കാറിനെ പുറത്താക്കി ആഗസ്റ്റ് മധ്യത്തിലാണ് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം 33 അംഗ ഇടക്കാല സർക്കാരും രൂപവത്കരിച്ചു. പുതിയ സർക്കാറിന് നേതൃത്വം നൽകുക താലിബാൻ നേതാവ് ഹിബത്തുല്ല അഖുൻസാദയായിരിക്കുമെന്ന് താലിബാൻ വക്താവിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇടക്കാല സർക്കാറിൽ അഖുൻസാദയുടെ പദവി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
യു.എസ്, ദോഹ കരാർ ലംഘിച്ചതായി താലിബാൻ
ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയെ ഭീകരപ്പട്ടികയിൽനിന്ന് നീക്കാത്ത യു.എസ് 2020ലെ ദോഹ സമാധാന കരാർ ലംഘിച്ചുവെന്ന് താലിബാൻ ആരോപണം. അഫ്ഗാനിൽ വെച്ച് യു.എസ് സേനയെ ആക്രമിച്ച ഹഖാനി ഭീകരശൃംഖലയുടെ ഭാഗമായിരുന്നു സിറാജുദ്ദീനും. സിറാജുദ്ദീനെ പിടികൂടുന്നവർക്ക് അന്ന് 50 ലക്ഷം ഡോളറാണ് യു.എസ് പ്രതിഫലം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയും സിറാജുദ്ദീനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഹഖാനി സംഘത്തിലുള്ളവരെ ഉപരോധപ്പട്ടികയിൽ ഉൾെപ്പടുത്തുന്നത് പ്രകോപനപരമാെണന്നും ഇത് നീക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടു. ദോഹയിലെ സമാധാന കരാറിലാണ് യു.എസ് സൈനിക പിന്മാറ്റമെന്ന ഉപാധി താലിബാൻ മുന്നോട്ടുവെച്ചത്. അതിനുപകരമായി അൽഖാഇദ, ഐ.എസ് പോലുള്ള ഭീകരസംഘടനകളെ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉറപ്പുനൽകി.
പ്രതിഷേധങ്ങൾക്ക് നിരോധനം
ഇടക്കാല സർക്കാർ രൂപവത്കരണത്തിനു പിന്നാലെ അഫ്ഗാനിൽ പ്രതിഷേധങ്ങൾ നിരോധിച്ചു.താലിബാൻ ഭരണത്തിനെതിരെ കഴിഞ്ഞയാഴ്ച നിരവധി പ്രതിഷേധങ്ങളാണ് നടന്നത്. സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു.
ഒഴിപ്പിക്കൽ പുനരാരംഭിച്ചു
അഫ്ഗാനിൽ നിന്ന് ഒഴിപ്പിക്കൽ പുനരാരംഭിച്ചു. യു.എസ് പൗരന്മാരടക്കം നിരവധി വിദേശ പൗരന്മാർ കാബൂൾ വിമാനത്താവളം വഴി രാജ്യംവിട്ടു. യു.എസ് സൈനിക പിന്മാറ്റത്തിനു ശേഷവും മടങ്ങിപ്പോകാനാഗ്രഹിക്കുന്നവർക്ക് രാജ്യംവിടാൻ വഴിയൊരുക്കുമെന്ന് താലിബാൻ ഉറപ്പുനൽകിയിരുന്നു. വ്യാഴാഴ്ച ഒരുസംഘം ആളുകളുമായി ഖത്തർ എയർവേസ് ദോഹയിലേക്ക് പറന്നു. ആദ്യഘട്ടത്തിൽ 200 പേരാണ് രാജ്യം വിട്ടത്. ഇതിൽ അമേരിക്കൻ പൗരന്മാരും ഗ്രീൻ കാർഡ് ഉടമകളും മറ്റു രാജ്യക്കാരും ഉണ്ട്.
മാധ്യമപ്രവർത്തകർക്ക് മർദനം
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ആവർത്തിക്കുന്നതിനിടെ അഫ്ഗാനിൽ താലിബാെൻറ ക്രൂരമർദനമേറ്റ രണ്ട് മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ പുറത്ത്. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും താലിബാൻ ഉറപ്പുനൽകിയിരുന്നു. സ്ത്രീകളുടെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കാണ് മർദനം. കാബൂളിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വിഡിയോ എഡിറ്ററും റിപ്പോർട്ടറുമായ താഖി ദര്യാബി, നെമത്തുല്ല നഖ്ദി എന്നിവർക്കാണ് മർദനമേറ്റത്. ലോസ് ആഞ്ജൽസ് ടൈംസ് ലേഖകൻ മാർക്കസ് യാമും അഫ്ഗാൻ മാധ്യമസ്ഥാപനമായ എറ്റിലാട്രോസുമാണ് ക്രൂരതയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.