പാക് മുൻ ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് അന്തരിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താന്റെ മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായിരുന്ന റഹ്മാൻ മാലിക് (70) അന്തരിച്ചു. കോവിഡ് അനുബന്ധ അസുഖങ്ങളെ തുടർന്നാണ് മരണം. പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നേതാവും എം.പിയുമായിരുന്ന റഹ്മാൻ മാലിക്, 2008 മുതൽ 2013വരെ യൂസുഫ് ഗിലാനി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
രാഷ്ട്രീയത്തിൽ പ്രവേശിക്കും മുമ്പ് പാക് ഫെഡറൽ അന്വേഷണ ഏജൻസിയുടെ പ്രത്യേക ഏജന്റും 1993ൽ അഡീഷനൽ ഡയറക്ടർ ജനറലുമായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി യൂസുഫ് റംസിയെ അറസ്റ്റ് ചെയ്ത് യു.എസിന് കൈമാറിയത്. 1997ൽ നവാസ് ശരീഫ് പ്രധാനമന്ത്രിയായിരിക്കെ റഹ്മാൻ മാലിക്കിനെ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് യു.കെയിലേക്ക് കുടിയേറിയ മാലിക് അവിടെ സ്വകാര്യ സുരക്ഷ ഏജൻസി തുടങ്ങുകയും പ്രവാസ ജീവിതം നയിക്കുകയായിരുന്ന മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മുഖ്യ സുരക്ഷ ഓഫിസർ പദവിയേറ്റെടുക്കുകയും ചെയ്തു.
പി.പി.പിയുടെ ഉന്നത പദവിയിലെത്തിയ മാലിക് പ്രസിഡന്റ് പർവേസ് മുശർറഫുമായി നടത്തിയ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് ബേനസീറിന് പാകിസ്താനിലേക്ക് തിരിച്ചുവരാൻ അവസരമൊരുങ്ങിയത്. മാലിക്കിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.