കറുത്ത വംശജനെ വെടിവച്ചുകൊന്ന മുൻ ഫിലാദൽഫിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി
text_fieldsവാഷിങ്ടൺ: 2017ൽ നിരായുധനായ കറുത്ത വംശജനെ വെടിവച്ചുകൊന്ന കേസിൽ മുൻ ഫിലാദൽഫിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി കുറ്റം ചുമത്തി. മുൻ പൊലീസ് ഉദ്യോഗസ്ഥൻ എറിക് റൂത്ത് ജൂനിയറിനെതിരെ കൊലപാതകം, സ്വമേധയായുള്ള നരഹത്യ, കുറ്റകൃത്യത്തിനുള്ള ആയുധം കൈവശംവെക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്ന് ഫിലാദൽഫിയ ജില്ലാ അറ്റോർണി ലാറി ക്രാസ്നർ പറഞ്ഞു.
2017 ഡിസംബറിലാണ് 25കാരനായ ഡെന്നിസ് പ്ലോഡൻ ജൂനിയറിനെ ഓഫീസർ എറിക് റച്ച് ജൂനിയർ വെടിവച്ചു കൊന്നത്. കീഴടങ്ങാനായി ഇരുകൈകളും ഉയർത്തി നിന്ന പ്ലോഡന്‍റെ തലക്കാണ് വെടിയേറ്റത്. കൈ തുളച്ചാണ് വെടിയുണ്ട തലയിൽ പതിച്ചത്. പ്ലോഡന്‍റെ കൈവശം ആയുധം ഇല്ലായിരുന്നുവെന്നും ഗ്രാൻഡ് ജൂറി വ്യക്തമാക്കി.
ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10 വർഷത്തെ സർവീസ് ഉണ്ടായിരുന്ന എറിക് റച്ചിനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. റച്ചിന് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.
അഞ്ചാം വിവാഹ വാർഷിക ദിനമായ ഒക്ടോബർ 20ന് പ്ലോഡന്‍റെ കുഴിമാടം സന്ദർശിക്കാനിരിക്കെയാണ് പ്രതിക്കെതിരെ കോടതി കുറ്റം ചുമത്തിയതെന്ന് ഭാര്യ ടാനിയ ബോണ്ട് പറഞ്ഞു. പ്ലോഡന്‍- ടാനിയ ദമ്പതികൾക്ക് മൂന്നു വയസുള്ള മകനുണ്ട്.
അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് ഒാഫീസർ കഴുത്തിന് കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊലീസിന്‍റെ വംശീയാക്രമണത്തിനെതിരെ അമേരിക്കൻ ജനത തൊരുവിലിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.