യുക്രെയ്ൻ യുദ്ധം: പ്രതിഷേധിച്ച മാധ്യമപ്രവർത്തകക്ക് തടവുശിക്ഷ
text_fieldsമോസ്കോ: റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനെതിരെ തത്സമയ വാർത്ത സംപ്രേഷണത്തിനിടെ പ്രതിഷേധിച്ച മാധ്യമപ്രവർത്തകക്ക് തടവുശിക്ഷ വിധിച്ച് മോസ്കോ കോടതി. മറീന ഒവ്സിയാനിക്കോവയെയാണ് (45) അവരുടെ അഭാവത്തിൽ എട്ടരവർഷത്തെ തടവിന് ശിക്ഷിച്ചത്. റഷ്യൻ സൈന്യത്തിനെതിരെ ബോധപൂർവം തെറ്റായവിവരം പ്രചരിപ്പിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. വീട്ടുതടങ്കലിൽനിന്ന് രക്ഷപ്പെട്ട ഒവ്സിയാനിക്കോവ മകളോടൊപ്പം ഒരുവർഷം മുമ്പ് യൂറോപ്പിലേക്ക് പലായനംചെയ്തിരുന്നു.
2022 മാർച്ചിലാണ് സംഭവം. ഒവ്സിയാനിക്കോവ ജോലി ചെയ്തിരുന്ന സർക്കാർ ചാനലായ വൺ ടി.വിയിൽ ‘യുദ്ധം അരുത്, പ്രൊപ്പഗണ്ട വിശ്വസിക്കരുത്, ഇവർ നിങ്ങളോട് കള്ളംപറയുകയാണ്’ എന്നെഴുതിയ പോസ്റ്ററുമായി തത്സമയ സംപ്രേഷണത്തിനിടെ വാർത്താ അവതാരകക്ക് പിന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയത്. റഷ്യയിൽ യുക്രെയ്ൻ യുദ്ധത്തെ ‘അധിനിവേശം’ എന്ന് വിളിക്കുന്നത് നിയമവിരുദ്ധമാണ്. ‘പ്രത്യേക സൈനികനടപടി’ എന്ന് പറയാനേ മാധ്യമങ്ങൾക്ക് അനുമതിയുള്ളൂ. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും അസംബന്ധവുമാണെന്ന് ഒവ്സിയാനിക്കോവ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.