രാജ്യം വിടാൻ ശ്രമിച്ച് മുൻ ശ്രീലങ്കൻ ധനകാര്യമന്ത്രി; വിമാനത്താവളത്തിൽ തടഞ്ഞ് ജനങ്ങൾ
text_fieldsകൊളംബോ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച് ശ്രീലങ്കൻ മുൻ ധനകാര്യമന്ത്രി ബാസിൽ രാജപക്സ. വിമാനത്താവളത്തിൽനിന്ന് ജനങ്ങൾ ഇദ്ദേഹത്തെ തിരിച്ചറിയുകയും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തതോടെ യാത്രമുടങ്ങി.
പ്രസിഡന്റ് ഗോടബയ രാജപക്സയുടെ സഹോദരനാണ് ബാസിൽ. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വി.ഐ.പി ടെർമിനലിലൂടെയാണ് ബാസിൽ രാജ്യം വിടാൻ ശ്രമിച്ചത്.
അതേസമയം, ബാസിൽ രാജപക്സ ഇന്ത്യയിൽ അഭയം തേടുമെന്ന വാർത്തകൾ ഇന്ത്യൻ സർക്കാർ നിഷേധിച്ചു. പ്രസിഡന്റ് രാജപക്സ ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നിഷേധിച്ചു. ശ്രീലങ്കയിലെ ഒരു ഉന്നത നേതാക്കൻമാരും രാജ്യം വിട്ടു പുറത്തുപോയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങൾ കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റിന്റെ വസതി കീഴടക്കി പ്രതിഷേധിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് തലേന്ന് രാത്രി തന്നെ അദ്ദേഹം വസതി വിട്ട് പോയിരുന്നു. കപ്പലിൽ കയറി നടുക്കടലിൽ കഴിയുകയാണെന്ന വാർത്തകൾ പരന്നിട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇപ്പോഴും പ്രസിഡന്റ് എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. അതേസമയം, ബുധനാഴ്ച രാജിവെക്കുമെന്ന് പ്രസിഡന്റ് രാജപക്സ പ്രതിഷേധക്കാരെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.