ന്യൂ ജഴ്സിയിലെ ട്രംപ് ഹോട്ടൽ തകർത്തു; വൈറലായി വിഡിയോ
text_fields
വാഷിങ്ടൺ: ന്യൂജഴ്സിയിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കാസിനോ സാമ്രാജ്യമായിരുന്ന ട്രംപ് പ്ലാസ ഹോട്ടൽ ആൻറ് കാസിനോ തകർത്തു. അറ്റ്ലാൻറിക് കടൽത്തീരത്ത് പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ ട്രംപിന് നഷ്ടമായിരുന്നു. വൈറ്റ്ഹൗസിലെത്തും മുമ്പ് റിയൽ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ് 1984ലാണ് ഹോട്ടലും കാസിനോയും നിർമിച്ചത്. പാപ്പർ നടപടിയിലാണ് കാൽനൂറ്റാണ്ട് കഴിഞ്ഞ് ഉടമസ്ഥത കൈവിട്ടത്.
ഡൈനമിറ്റ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ തുടർ സ്ഫോടനങ്ങളിൽ ആകാശം മുട്ടി നിന്ന കെട്ടിടം നിമിഷങ്ങൾക്കകം നിലംപതിച്ചു. 3,000 ഡൈനമിറ്റുകളാണ് ഉപയോഗപ്പെടുത്തിയത്. മാലിന്യം നിറഞ്ഞ പൊടിപടലങ്ങൾ ഏറെ നേരം പരിസരം പൊതിഞ്ഞുനിന്നിട്ടും കൈയടിച്ച് ആൾക്കൂട്ടം കാഴ്ചക്കാരായി നിന്നു. മനോഹര കടൽതീരവും നടപ്പാതകളുമുള്ള ന്യൂജഴ്സി ചൂതാട്ടത്തിനു കൂടി അറിയെപ്പട്ട അമേരിക്കൻ പട്ടണമാണ്. ഇവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ ട്രംപിെൻറ പേരിലുണ്ടായിരുന്നു. 2014 മുതൽ അടഞ്ഞുകിടക്കുകയാണ്.
വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന കെട്ടിടം ഏഴു സെക്കൻഡുകൾക്കിടയിൽ മണ്ണോടു ചേർന്നു. രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കാഴ്ചകാണാൻ നൂറുകണക്കിന് പേർ പരിസരത്ത് വാഹനങ്ങളിലും അല്ലാതെയും കാത്തുനിന്നു. കൂടുതൽ അടുത്തു കാണാവുന്ന ഒരിടത്ത് 10 ഡോളർ ടിക്കറ്റ് നിരക്ക് നൽകിയും ആളുകൾ ആസ്വാദകരായി.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടുവട്ടം ഇംപീച്ച്മെൻറിന് വിധേയനായ ട്രംപ് അടുത്തിടെയാണ് അധികാരം നഷ്ടമായി വൈറ്റ്ഹൗസ് വിട്ടത്. ട്രംപ് പ്ലാസ ഹോട്ടലിെൻറ ഭാഗമായ കാസിനോയിൽ ചൂതാട്ടത്തിന് പുറമെ ഹെവിവെയ്റ്റ് ബോക്സിങ് മത്സരങ്ങളും അരങ്ങേറിയിരുന്നു.
2014 വരെ കെട്ടിടത്തിനു മുകളിൽ ട്രംപിെൻറ പേരുണ്ടായിരുന്നു. ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കി. അറ്റകുറ്റപ്പണികൾ മുടങ്ങിയതിനാൽ കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത് ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കെട്ടിടം തകർക്കുമെന്ന് അറ്റ്ലാൻറിക് സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്.
കെട്ടിടത്തിനു മുകളിലെ തെൻറ പേര് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് 2014ൽ ട്രംപ് കേസ് നൽകിയിരുന്നു. ഉപയോഗശൂന്യമായ കെട്ടിടത്തിനു മുകളിൽ പേര് ഇനിയും കിടന്നാൽ പേരുദോഷം വരുമെന്ന് കണ്ടായിരുന്നു നീക്കം. ഇവിടെ മാത്രം ട്രംപിന് ഇതിനു പുറമെ നാല് കാസിനോകൾ സ്വന്തമായുണ്ടായിരുന്നു. നഗരത്തിലെ ട്രംപ് വേൾഡ്'സ് ഫെയർ 1999ലും ട്രംപ് മറീന 2011ലും താജ്മഹൽ 2016ലും അടച്ചുപൂട്ടി. അവശേഷിച്ച ട്രംപ് എൻറർടെയ്ൻമെൻറ് 2004, 2009, 2019 വർഷങ്ങളിൽ പാപ്പർ ഹരജികൾ നൽകിയെങ്കിലും മുന്നോട്ടുപോയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.