മുൻ യു.എസ് പ്രഥമ വനിത റോസലിൻ കാർട്ടർ അന്തരിച്ചു
text_fieldsവാഷിങ്ടൺ: മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ ഭാര്യ റോസലിൻ കാർട്ടർ അന്തരിച്ചു. 96 വയസായിരുന്നു. ജോർജിയയിലെ വീട്ടിൽ വെച്ചായിരുന്നു മുൻ പ്രഥമവനിതയുടെ അന്ത്യം. ഡിമെന്‍ഷ്യ ബാധിച്ച് മാസങ്ങളായി റോസലിൻ ഹോം ഹോസ്പിസ് കെയറിൽ ചികിത്സയിലായിരുന്നു. ആരോഗ്യം ക്ഷയിച്ചതിനെ തുടര്‍ന്ന് ജിമ്മി കാർട്ടറും ഹോം ഹോസ്പിസ് കെയറിൽ ചികിത്സ തേടിയിരുന്നു.
ജിമ്മി കാര്‍ട്ടര്‍ യു.എസ് പ്രസിഡന്‍റായിരിക്കെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്നു ജീവിത പങ്കാളിയായ റോസലിന്‍. അമേരിക്കൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന റോസലിൻ കാർട്ടർ മുൻനിര അഭിഭാഷക കൂടിയായിരുന്നു. ജോർജിയയിലെ പ്ലെയിൻസിൽ ജനിച്ചുവളർന്ന കാർട്ടർ 1946 ലാണ് ജിമ്മി കാർട്ടറെ വിവാഹം കഴിക്കുന്നത്. മുന്‍ പ്രഥമവനിതകളില്‍ നിന്ന് വ്യത്യസ്തമായി റോസലിന്‍ ക്യാബിനറ്റ് മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു. വിവാദ വിഷയങ്ങളില്‍ സംസാരിക്കുകയും വിദേശ യാത്രകളില്‍ തന്‍റെ ഭര്‍ത്താവിനെ പ്രതിനിധീകരിക്കുകയും ചെയ്തു. കാര്‍ട്ടറിന്റെ സഹായികള്‍ 'സഹ പ്രസിഡന്‍റ്' എന്നാണ് റോസലിനെ വിളിച്ചിരുന്നത്. ഭരണത്തില്‍ അത്രമാത്രം സ്വാധീനമുണ്ടായിരുന്നു അവര്‍ക്ക്.
1977-1981 കാലഘട്ടത്തിലാണ് ജിമ്മി കാര്‍ട്ടർ പ്രസിഡന്റ് പദവി വഹിച്ചത്. 'റോസലിന്‍ എന്‍റെ ഏറ്റവും നല്ല സുഹൃത്താണ്. ഒരുപക്ഷേ എന്‍റെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി. ഞാൻ ഇതുവരെ നേടിയ എല്ലാ കാര്യങ്ങളിലും റോസലിൻ എന്‍റെ തുല്യ പങ്കാളിയായിരുന്നു.' ജിമ്മി കാർട്ടർ പലയിടത്തും റോസലിനെ പറ്റി പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.