അയോവ കോക്കസിൽ ട്രംപിന് വിജയം
text_fieldsവാഷിങ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഉൾപ്പാർട്ടി വോട്ടെടുപ്പുകളിൽ ജയത്തോടെ തുടങ്ങി ഡോണൾഡ് ട്രംപ്. അയോവ കോക്കസിൽ 51 ശതമാനം വോട്ടുകളുമായി വൻ ഭൂരിപക്ഷത്തിൽ മുൻ പ്രസിഡന്റ് ജയംപിടിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി നാലാമനായി.
തൊട്ടുപിറകെ ട്രംപിന് പിന്തുണ വാഗ്ദാനംചെയ്ത് സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് രാമസ്വാമി പിന്മാറ്റം പ്രഖ്യാപിച്ചു. േഫ്ലാറിഡ ഗവർണർ റോൺ ഡി സാന്റിസ് രണ്ടാമതും നിക്കി ഹാലി മൂന്നാമതുമെത്തി. സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്ന ദേശീയ കൺവെൻഷനിൽ അയോവയിൽനിന്ന് 40 അംഗങ്ങളിൽ 20 പേർ ഇതോടെ ട്രംപിനെ തുണക്കുന്നവരാകും. 21.2 ശതമാനം വോട്ട് നേടിയ ഡി സാന്റിസിന് എട്ടും 19.1 ശതമാനമുള്ള നിക്കി ഹാലിക്ക് ഏഴും രാമസ്വാമിക്ക് രണ്ടും അംഗങ്ങളെ ലഭിക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത നവംബറിൽ നടക്കാനിരിക്കെ ജോ ബൈഡൻ-ഡോണൾഡ് ട്രംപ് മുഖാമുഖത്തിലേക്ക് സൂചന ശക്തമാക്കുന്നതാണ് അയോവ കോക്കസ്. ട്രംപിനൊപ്പം റിപ്പബ്ലിക്കൻ കക്ഷിയിൽനിന്ന് ഡി സാന്റിസ്, ഹാലി എന്നീ പ്രമുഖർകൂടിയുണ്ടെങ്കിലും അതിവേഗം അവരെ കടന്ന് സ്ഥാനാർഥിത്വം ഉറപ്പിക്കാനാകുമെന്ന് ട്രംപിന്റെ കണക്കുകൂട്ടുന്നു. അതേസമയം, ട്രംപ്-ബൈഡൻ മത്സരം ഒഴിവാക്കാൻ ഇനി താൻ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് ഇന്ത്യൻ വംശജയായ ഹാലി പറയുന്നു.
യു.എന്നിലെ യു.എസ് അംബാസഡറും രണ്ടു തവണ സൗത്ത് കരോലൈന ഗവർണറുമായിരുന്നു ഹാലി.
ജനുവരി 23ന് അടുത്ത റിപ്പബ്ലിക്കൻ പ്രൈമറി ന്യൂ ഹാംപ്ഷയറിലാണ്. ഡെമോക്രാറ്റ് സ്ഥാനാർഥിയായി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻതന്നെ രംഗത്തുണ്ടാകുമെന്നാണ് സൂചന. താൻതന്നെ മത്സരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്മാറുന്നപക്ഷം, പകരക്കാരെ അടുത്ത ആഗസ്റ്റിൽ ചേരുന്ന ദേശീയ കൺവെൻഷനിലോ അതിനുശേഷമോ പാർട്ടി തീരുമാനിക്കും.
ലൈംഗികപീഡനക്കേസ്: ട്രംപ് വീണ്ടും കോടതിയിൽ
വാഷിങ്ടൺ: അയോവ കോക്കസ് ജയിച്ചതിനു പിന്നാലെ ട്രംപ് വീണ്ടും കോടതിയിൽ. എഴുത്തുകാരി ജീൻ കാരളിനെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് തുറന്നുപറഞ്ഞതിന് കള്ളം ആരോപിക്കുകയും ചെയ്ത സംഭവത്തിലാണ് മൻഹാട്ടൻ ഫെഡറൽ കോടതിയിൽ വാദംകേൾക്കുന്നത്.
കേസിൽ നേരത്തേ ജീൻ കാരളിന് അനുകൂലമായി വിധി വന്നിരുന്നു. ഇവർക്ക് ട്രംപ് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. പ്രസിഡന്റായിരിക്കെ കാരളിനെക്കുറിച്ച് നടത്തിയ പ്രസ്താവനക്ക് ട്രംപ് എത്രതുക നഷ്ടപരിഹാരം നൽകണമെന്നാണ് പുതിയതായി പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.