റഫ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് മുൻ യു.എസ് പ്രസിഡന്റ്; ജനങ്ങളുടെ കാര്യം അങ്ങേയറ്റം ആശങ്കയിലെന്ന് ഐക്യരാഷ്ട്രസഭ
text_fieldsവാഷിങ്ടൺ: 13 ലക്ഷം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ റഫ മേഖല ആക്രമിക്കാനുള്ള നീക്കത്തിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്ന് മുൻ യു.എസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ സന്നദ്ധ സംഘടന. സുരക്ഷിതസ്ഥാനമെന്ന പേരിൽ ജനങ്ങളെ ആട്ടിത്തെളിച്ച് കൊണ്ടുവന്ന റഫയിൽ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് കാർട്ടർ സെന്റർ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് മുന്നോടിയായി റഫയിലെ സിവിലിയന്മാരെ ഒഴിപ്പിക്കാൻ സൈന്യത്തോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടത് ഭയപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ‘ഇസ്രായേൽ ഗവൺമെൻറിൻറെ നിർദേശം മേഖലയിൽ ദീർഘകാല സമാധാനത്തിനും പൗരന്മാരുടെ സുരക്ഷക്കുമുള്ള സാധ്യതകളെ കൂടുതൽ ദുർബലപ്പെടുത്തും. 126 ദിവസമായി ഉപരോധത്തിൽ കഴിയുന്ന, 12000 കുട്ടികൾ ഉൾപ്പെടെ 25000ത്തിലധികം പേർ മരിച്ച ഫലസ്തീനിൽ പുതിയ നീക്കം മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കും. റഫയിൽ കഴിയുന്നവരി ഭൂരിഭാഗംപേരും ഇതിനോടകം ഒന്നിലേറെ തവണ കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള മാനുഷിക സഹായം പോലും ഗസ്സ നിവാസികൾക്ക് എത്തുന്നില്ല. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമമുണ്ട്. സഹായങ്ങൾ തടസ്സം കൂടാതെ എത്തിക്കാൻ അനുവദിക്കണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു’ -കാർട്ടർ സെൻറർ പ്രസ്താവനയിൽ പറഞ്ഞു.
Carter Center Calls on Israel to Halt its Plan to Force 1.3 Million Palestinians Out of Rafah
— The Carter Center (@CarterCenter) February 10, 2024
Full statement: https://t.co/pWNeBb4GXu
ഇസ്രായേൽ കര ആക്രമണത്തിനൊരുങ്ങുന്ന റഫയിലെ ജനങ്ങളുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭ അങ്ങേയറ്റം ആശങ്കാകുലരാണെന്ന് വക്താവ് സ്റ്റെഫാൻ ഡുജറിക് പറഞ്ഞു. “ആളുകൾ സംരക്ഷിക്കപ്പെടണം. നിർബന്ധിത കുടിയൊഴിപ്പിക്കൽ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കരയുദ്ധമുണ്ടായാൽ വൻതോതിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റഫയിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നത് അസാധ്യമാകും’ -ഓഫിസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (OCHA) മുന്നറിയിപ്പ് നൽകിയതായി ഡുജറിക് പറഞ്ഞു. ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.