ഹൂതികൾക്കുനേരെ വീണ്ടും കനത്ത ആക്രമണം; നാലുമരണം
text_fieldsസൻആ: ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ യമനിൽ നാലുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സൻആയിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. വീടിന് മുകളിൽ ഡ്രോൺ പതിച്ച് 16 പേർക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, മരണം ഇതിലും ഏറെയാണെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ട ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ നൽകുന്ന സൂചന. ഹൂതികളുടെ ശക്തി കേന്ദ്രമായ സഅദയിലെ രണ്ടുനില കെട്ടിടം വ്യോമാക്രമണത്തിൽ തകർന്ന് രണ്ടുപേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹൂതികളുടെ അൽ മസീറ ചാനൽ പുറത്തുവിട്ടു.
70 പേർ കൂടിയിരിക്കുന്ന സ്ഥലത്ത് ബോംബിടുന്നതിന്റെയും സ്ഫോടനശേഷം വൻ ഗർത്തം രൂപപ്പെട്ടതിന്റെയും ദൃശ്യങ്ങൾ ട്രംപ് ശനിയാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് പരിശീലനം നേടാൻ കൂടിയിരുന്ന ഹൂതികളുടെ മേലാണ് ബോംബിട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇദുൽ ഫിത്ർ ആഘോഷത്തിന്റെ ഭാഗമായി ഹുദൈദ ഗവർണറേറ്റിൽ കൂടിയിരുന്നവരെയാണ് യു.എസ് ആക്രമിച്ചതെന്ന് ഹൂതി നിയന്ത്രിത സബ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിൽ ഹൂതി പോരാളികളും നേതാക്കളും ഇറാന്റെ അർധസൈനിക വിഭാഗത്തിലെ വിദഗ്ധരുമാണ് കൊല്ലപ്പെട്ടതെന്ന് യമനിലെ പുറത്താക്കപ്പെട്ട സർക്കാറിൽ വാർത്തവിനിമയ മന്ത്രിയായിരുന്ന മുഅമ്മറുൽ ഇർയാനി പറഞ്ഞു.
ചെങ്കടലിൽ സഞ്ചരിക്കുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്ന ഹൂതികൾക്കെതിരെ യു.എസ് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 69 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നേതാക്കളും സൈനികരും കൊല്ലപ്പെട്ടെന്ന കാര്യം ഇതുവരെ ഹൂതികൾ സമ്മതിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.