തെക്കൻ ലബനാനിൽ നാലു ഇസ്രായേൽ സൈനികരെ വധിച്ച് ഹിസ്ബുല്ല; 14 പേർക്ക് പരിക്ക്
text_fieldsജറൂസലം: തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു റിസർവ് സൈനികർ കൂടി കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്. ഇതോടെ ലബനാനിൽ കരയാക്രമണം തുടങ്ങിയതു മുതൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 33 ആയി.
അലൺ ബ്രിഗേഡിന്‍റെ 8207ാം ബറ്റാലിയനിലെ ക്യാപ്റ്റൻ റാബ്ബി അവറാം യോസഫ് (43), ഗിലാഡ് എൽമാലിയാച്ച് (30), അമിത് ചായൂട്ട് (29), എലിയാവ് അമ്റാം അബിറ്റ്ബോൾ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു. തിരിച്ചടിയിൽ മൂന്നു ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽനിന്ന് ഹിസ്ബുല്ലയെ തുരത്താനായി കടുത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ വടക്കാൻ ഇസ്രായേൽ നഗരമായ തംറയിൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. അതേസമയം, ഗസ്സയിൽ സാധാരണക്കാരായ അഭയാർഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച രാത്രി വീണ്ടും അധിനിവേശ സേന വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ബോംബിട്ടു. 11 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 45 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അവർ അറിയിച്ചു. ഉത്തര മേഖലയിലെ ബൈത് ലാഹിയയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിലേറെയും മൂന്ന് കുടുംബങ്ങളിലെ അംഗങ്ങളാണ്.
ലബനാനിൽ ഹിസ്ബുല്ലക്കു നേരെ യുദ്ധത്തിലാണെങ്കിലും ഗസ്സയിൽ സാധാരണ പൗരന്മാരുടെ മേൽ ബോംബിടുന്നത് ഇപ്പോഴും ഇസ്രായേൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.