അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി
text_fieldsകാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ നാല് ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച കാലിഫോർണിയ മെഴ്‌സ്ഡ് കൗണ്ടിയിൽനിന്നാണ് എട്ട് മാസം പ്രായമുള്ള പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടുന്നവരെ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ അറിയിച്ചു. ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), അവരുടെ എട്ട് മാസം പ്രായമുള്ള കുട്ടി അരൂഹി ധേരി, 39കാരനായ അമൻദീപ് സിങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
പ്രതികൾ ആയുധധാരികളും അപകടകാരികളുമാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, സൗത്ത് ഹൈവേ 59ലെ 800 ബ്ലോക്കിൽ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞതായി എ.ബി.സി 30 റിപ്പോർട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം റസ്റ്ററന്റുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്ന പ്രദേശമാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
2019ൽ, യു.എസിലെ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഉടമയായ ഇന്ത്യൻ വംശജൻ തുഷാർ ആത്രെയെ കാലിഫോർണിയയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇദ്ദേഹത്തെ പിന്നീട് കാമുകിയുടെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.