കൊളംബിയയിൽ കാളപ്പോരിന്റെ വേദി തകർന്ന് നാലു മരണം, 300 പേർക്ക് പരിക്ക്
text_fieldsബാഗോട്ട: കാളപ്പോരിനിടയിൽ കാണികളിരുന്ന വേദി തകർന്ന് മധ്യകൊളംബിയയിൽ നാലു പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേറ്റു. വേദിയിലിറങ്ങി കാളക്കൂറ്റന്മാരെ പൊതുജനങ്ങൾ മെരുക്കാൻ ശ്രമിക്കുന്ന പരമ്പരാഗതമായ 'കൊറലെജ' പരിപാടിക്കിടെയാണ് അപകടം. ടൊലിമ സംസ്ഥാനത്തെ എൽ എസ്പിനാൽ നഗരത്തിൽ പ്രശസ്തമായ സാൻ പെഡ്രോ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടന്നത്. തടികൊണ്ട് നിർമിച്ച മൂന്നു നിലയുള്ള വേദി നിലംപതിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ മനുഷ്യനെയും മൃഗങ്ങളെയും കൊല്ലുന്ന ഇത്തരം പരിപാടികളെല്ലാം നിർത്തിവെക്കാൻ തദ്ദേശ സർക്കാറുകളോടാവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമായിട്ടല്ല ഉണ്ടാകുന്നതെന്നും ഓർമിപ്പിച്ചു. സംഭവത്തെ അപലപിച്ച നിലവിലെ പ്രസിഡന്റ് ഇവാൻ ഡ്യൂക് മാർകേസ് അന്വേഷണത്തിന് ഉത്തരവിട്ടു. മിക്ക രാജ്യങ്ങളിലും നിലവിൽ കാളപ്പോര് നിയമവിരുദ്ധമാണെങ്കിലും പോർചുഗലിന്റെയും സ്പെയിനിന്റെയും കോളനികളായിരുന്ന കൊളംബിയ അടക്കം ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.