യു.എസ് കാപിറ്റോൾ ഹിൽ കലാപത്തിൽ തീവ്ര വലതുപക്ഷ സംഘടനയിലെ നാല് അംഗങ്ങൾക്ക് തടവുശിക്ഷ
text_fieldsവാഷിങ്ടൺ: 2021ൽ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിൽ നാലു പേർക്ക് കൂടി ശിക്ഷ വിധിച്ചു. തീവ്ര വലതുപക്ഷ സംഘടനയായ ഓത്ത് കീപ്പേഴ്സിലെ അംഗങ്ങളായ റോബർട്ടോ മിനിറ്റ, ജോസഫ് ഹാക്കറ്റ്, ഡേവിഡ് മോർഷൽ, എഡ്വേർഡ് വലിഗോ എന്നിവർക്കാണ് രാജ്യദ്രോഹ, ഗൂഢാലോചന കേസിൽ വാഷിങ്ടൺ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 20 വർഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കൂടാതെ, ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ ഓഫീസിലെ മേശപ്പുറത്ത് കാലുകൾ വച്ച് ഫോട്ടോ എടുത്ത റോബർട്ട് ബാർനെറ്റിനെയും കോടതി ശിക്ഷിച്ചു. കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതിനാണ് ശിക്ഷ വിധിച്ചത്.
ഇതോടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡോണാൾഡ് ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ആഹ്വാനം ചെയ്ത കലാപത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തവരുടെ എണ്ണം 530 ആയി ഉയർന്നു.
2021 ജനുവരി ആറിന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വസ്തുത അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു 200 വർഷത്തിനിടെ ആദ്യമായി രാജ്യത്തെ ഭരണസിരാ കേന്ദ്രം ആക്രമിക്കപ്പെട്ടത്. ഒരു പൊലീസുകാരൻ ഉൾപെടെ കൊല്ലപ്പെട്ടു. റിപ്പബ്ലിക്കൻ കക്ഷി അംഗങ്ങളായിരുന്നു ആക്രമണത്തിന് പിന്നിൽ.
അക്രമസംഭവങ്ങളിൽ 950 പേർ അറസ്റ്റിലായി. കുറ്റക്കാർക്കെതിരെ കാപിറ്റോൾ ഹില്ലിൽ അതിക്രമിച്ച് കയറിയതിനും വസ്തുവകകൾ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. ഇതിൽ 280 പേർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും 590 പേർക്കെതിരെ ഗുരുതര ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.