ലാവോസിൽ മെഥനോൾ വിഷബാധയേറ്റ് നാലാമത്തെ ടൂറിസ്റ്റ് മരിച്ചു
text_fieldsലാവോസ്: തെക്കു കിഴക്കനേഷ്യൻ രാജ്യമായ ലാവോസിലെ വിനോദ സഞ്ചാര കേന്ദ്രമായ വാങ് വിയാങ്ങിൽ മെഥനോൾ വിഷബാധയേറ്റുള്ള മരണം കൂടുന്നു. നാലാമത്തെ ടൂറിസ്റ്റും മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 19 വയസ്സുള്ള ആസ്ട്രേലിയക്കാരിയായ ബിയാങ്ക ജോൺസ് ആണ് മരിച്ചത്. ടൂറിസ്റ്റ് നഗരമായ വാങ് വിയാങ്ങിൽ ഒരു അമേരിക്കക്കാരൻ മരിച്ചതായി മണിക്കൂറുകൾക്ക് മുമ്പ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ടതിനു പിന്നാലെയാണ് കൗമാരക്കാരിയുടെ മരണം കുടുംബം സ്ഥിരീകരിച്ചത്. പെൺകുട്ടി മെഥനോൾ കലർത്തിയ പാനീയങ്ങൾ കഴിച്ചിരിക്കാമെന്ന് കരുതുന്നു.
19ഉം 20ഉം വയസ്സുള്ള രണ്ട് ഡാനിഷ് സ്ത്രീകളും കഴിഞ്ഞയാഴ്ച ലാവോസിൽ മരിച്ചിരുന്നു. മരണങ്ങൾ പൊലീസ് അന്വേഷണത്തിലാണ്. മറ്റ് വിനോദസഞ്ചാരികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങളും ഓൺലൈൻ വാർത്താ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഇവർ മാരകമായ മെഥനോൾ ചേർത്ത ലഹരി പാനീയങ്ങൾ കഴിച്ചിട്ടുണ്ടാകാമെന്നാണ്.
ബിയാങ്ക ജോൺസിന്റെ സുഹൃത്ത് ഹോളി ബൗൾസ് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ഇതിനുപുറമെ ഒരു ബ്രിട്ടീഷ് യുവതിയും ആശുപത്രിയിലാണെന്നാണ് റിപ്പോർട്ട്. എത്രപേർക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു.
രണ്ട് ആസ്ട്രേലിയൻ സ്ത്രീകൾ വാങ് വിയാങ്ങിൽ താമസിച്ചിരുന്ന ഹോട്ടൽ പൊലീസ് അന്വേഷണത്തിനായി അടച്ചു. ഹോട്ടലിൽനിന്ന് സൗജന്യമായി നൽകിയ ലാവോ വോഡ്ക കഴിച്ച നൂറിലധികം അതിഥികളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് മാനേജർ പറഞ്ഞു. മറ്റ് അതിഥികളാരും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു.
ലഹരിപാനീയങ്ങളുടെ പ്രധാന ഘടകമായ എഥനോൾ പോലെയല്ല, മെഥനോൾ മനുഷ്യർക്ക് വിഷമാണ്. ബൂട്ട്‌ലെഗ് മദ്യ നിർമാതാക്കൾ ഇത് അവരുടെ പാനീയങ്ങളിൽ ചേർക്കുന്നു. ആൽക്കഹോൾ അംശം വർധിപ്പിക്കുന്നതിനുള്ള വിലകുറഞ്ഞ മാർഗമെന്ന നിലയിലാണ് ഈ വിഷ പദാർഥം കലർത്തുന്നത്.
ഈ വർഷമാദ്യം ഇന്ത്യയിൽ 57 പേരെങ്കിലും മെഥനോൾ കലർന്ന മദ്യം കഴിച്ച് മരിച്ചിരുന്നു. ഫിലിപ്പീൻസ് മുതൽ പെറു വരെ ലോകമെമ്പാടും സമാനമായ കൂട്ട വിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മധ്യ ലാവോസിലെ ഒരു ചെറിയ നദീതീര പട്ടണവും തെക്കുകിഴക്കൻ ഏഷ്യയിലെ ബാക്ക്പാക്കർമാരുടെ കേന്ദ്രവുമാണ് വാങ് വിയാങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.