ഇസ്രായേലിനെതിരെ ഫ്രാൻസ്: ‘അഞ്ചുനില കെട്ടിടം തകർത്ത് കുഞ്ഞുങ്ങളടക്കം 100 പേരെ കൊന്നത് അപലപനീയം, ഗസ്സ ഉപരോധം അവസാനിപ്പിക്കണം’
text_fieldsപാരീസ്: ബയ്ത് ലാഹിയയിൽ 200ലേറെ അഭയാർഥികൾ തിങ്ങിക്കഴിഞ്ഞ അഞ്ചുനില കെട്ടിടം ബോംബിട്ടുതകർത്ത് കുഞ്ഞുങ്ങളടക്കം 100ഓളം പേരെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ ക്രൂര ചെയ്തിയെ അപലപിച്ച് ഫ്രാൻസ്. ഇന്നലെയാണ് വടക്കൻ ഗസ്സയിലെ ബയ്ത് ലാഹിയയിൽ മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്.
‘ഒക്ടോബർ 29ന് വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നു. വടക്കൻ ഗസ്സയിലെ ആശുപത്രികൾക്ക് നേരെ അടുത്തിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും അപലപനീയമാണ്. വടക്കൻ ഗസ്സയിലെ ഉപരോധം ഉടൻ അവസാനിപ്പിക്കണം” -ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന ആക്രമണത്തിൽ 109 പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ 25 കുട്ടികളുമുണ്ട്. നിരവധി പേരെ കുറിച്ച് വിവരങ്ങളില്ല. പരിക്കേറ്റ 100ലേറെ പേരെ കമാൽ അദ്വാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയുമടക്കം ഇസ്രായേൽ പിടിച്ചുകൊണ്ടുപോയതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും നടത്താനാകാത്ത സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസാൻ അബൂസഫിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.