303 ഇന്ത്യക്കാരുമായി പോയ വിമാനം പാരിസിൽ പിടിച്ചിട്ടു; മനുഷ്യക്കടത്തെന്ന് സംശയം
text_fieldsപാരീസ്: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം പിടിച്ചിട്ട് ഫ്രാൻസ്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് പിടിച്ചിട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെന്ന് ഫ്രഞ്ച് വാർത്താ ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.
റൊമേനിയൻ ചാർട്ടർ കമ്പനിയുടേതാണ് വിമാനം. ദുബൈയിൽ നിന്നാണ് വിമാനം വ്യാഴാഴ്ച യാത്ര തിരിച്ചത്. ദീർഘമായ പറക്കലിനിടെ ഇന്ധനം നിറക്കാനായി പാരീസിലെ വത്രി എയർപോർട്ടിൽ ഇറങ്ങിയപ്പോൾ ഫ്രഞ്ച് പൊലീസെത്തി വിമാനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും വിമാനത്താവളത്തിന്റെ വെയ്റ്റിങ് ഹാളിലേക്ക് മാറ്റി ഫ്രഞ്ച് അധികൃതർ അന്വേഷണം ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം നടത്താൻ ഫ്രാൻസിലെ പബ്ലിക് പ്രോസിക്യൂഷൻ ഇതുവരെ തയാറായിട്ടില്ല. 303 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പറന്ന വിമാനം ഫ്രാൻസിലെ എയർപോർട്ടിൽവെച്ച് കസ്റ്റഡിയിൽ എടുത്ത വിവരം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നും എംബസി വ്യക്തമാക്കി.
ദുബൈയിൽ നിന്നും നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനം തടഞ്ഞ വിവരം ഫ്രാൻസ് ഔദ്യോഗികമായി അറിയിച്ചുവെന്നും യാത്രക്കാർക്ക് മികച്ച സൗകര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.