വലതുപക്ഷ ചേരിയെ കൂടുതൽ വിപുലപ്പെടുത്തി മാക്രോൺ
text_fieldsപാരീസ്: പെട്ടെന്നുള്ള തെരഞ്ഞെടുപ്പിനെത്തുടർന്ന് നിലവിൽവന്ന തൂക്കു പാർലമെന്റിന്റെ നിലനിൽപിന് മധ്യ- വലതുപക്ഷക്കാരുടെ ചേരിയെ പരിപോഷിപ്പിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൻ മാക്രോൺ. ഇടതുപക്ഷത്തെ തഴഞ്ഞ് മധ്യവാദികളും വലതുപക്ഷക്കാരും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിടുന്ന നീക്കങ്ങളാണ് പുതിയ സർക്കാറിന്‍റേത്.
വലതുപക്ഷ പ്രധാനമന്ത്രിയായ മൈക്കൽ ബാർനിയറുടെ കൺസർവേറ്റിവ് റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 10 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. നിരവധി മന്ത്രിമാരെ പ്രധാന സ്ഥാനങ്ങളിൽ മാക്രോൺ നിലനിർത്തി. ജീൻ നോയൽ ബാരോട്ട് വിദേശകാര്യ മന്ത്രിയായി അവരോധിക്കപ്പെട്ടു. സെബാസ്റ്റ്യൻ ലെകോർനു പ്രതിരോധ മന്ത്രിയായി തുടരും. ഒരൊറ്റ ഇടതുപക്ഷ രാഷ്ട്രീയക്കാരൻ മാത്രമാണ് മന്ത്രിസഭയിൽ ഉള്ളത്. ദിദിയർ മിഗൗഡ് നീതിന്യായ മന്ത്രിയായി. ഈ ടീമിലേക്ക് മുൻ പ്രസിഡന്‍റ് നിക്കോളാസ് സർക്കോസിയുടെ യാഥാസ്ഥിതിക പാർട്ടിയുടെ നേതാക്കളിലൊരാളായ ബ്രൂണോ റീട്ടെയ്‌ലോയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തൂക്കു സർക്കാറിനെ പിന്തുണക്കുന്നതിന്റെ വിലപേശൽ രാഷ്രടീയത്തിന്റെ ഭാഗമായാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രണ്ടര മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനുശേഷം നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള ഇമ്മാനുവൽ മാക്രോണിന്റെ അപ്രതീക്ഷിത തീരുമാനത്തിനുപിന്നാലെ തൂക്കു പാർലമെന്‍റിൽ ഇടതുപാർട്ടികൾക്ക് ഭൂരിപക്ഷം നേടാനായിരുന്നു. എന്നാൽ, വലതുപക്ഷ പാർട്ടിയുടെ മൈക്കൽ ബാർനിയറെ പ്രധാനമന്ത്രിയാക്കി സർക്കാർ രൂപീകരിച്ചു. യൂറോപ്യൻ യൂനിയന്റെ മുൻ ബ്രെക്‌സിറ്റ് മധ്യസ്ഥനും 73കാരനായ ബാർണിയറിനെ ഈ മാസം ആദ്യത്തിലാണ് പ്രധാനമന്ത്രിയായി മാക്രോൺ നാമനിർദേശം ചെയ്‌തത്. തെരഞ്ഞെടുപ്പിൽ ഏറ്റവും പിന്നിൽ നാലാംസ്ഥാനത്തെത്തിയ വലതുപക്ഷ പാർട്ടിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കിയ മാക്രോണിന്റെ തീരുമാനം ഇടതുവാദികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
മുതിർന്ന രാഷ്ട്രീയക്കാരെ തഴഞ്ഞ് ധനമന്ത്രി പദവി മാക്രോണിന്റെ പാർട്ടിയിലെ അധികം അറിയപ്പെടാത്ത 33 വയസ്സുള്ള അന്‍റോയിൻ അർമാൻഡിനാണ് നൽകിയത്. ബജറ്റ് കമ്മി നിയന്ത്രിക്കാൻ ഫ്രാൻസ് പാടുപെടുന്നതിനിടെ പുതിയ ബജറ്റ് മന്ത്രി ലോറന്‍റ് സെന്‍റിന് ജനുവരിക്ക് മുമ്പ് ബജറ്റ് ബിൽ തയ്യാറാക്കുക എന്നത് കഠിനതരമായ ദൗത്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പൊതു ചെലവുകൾ വെട്ടിക്കുറക്കുകയും ഭരണം കൂടുതൽ കാര്യക്ഷമമാക്കുകയും വേണ്ടിവരും എന്ന് ധനമന്ത്രി ഒരു അഭിമുഖത്തിൽ ഫ്രഞ്ച് മാധ്യമത്തോടു പറഞ്ഞു.
ഒരു ടീമിനെ ഒരുമിച്ച് നയിക്കുന്നതിനുള്ള മാക്രോണിന്റെ ദീർഘിച്ച ചർച്ചകൾ വരാനിരിക്കുന്ന കഠിനമായ ജോലികളുടെ ചിത്രമാണെന്നാണ് സൂചന. ഈ സർക്കാർ യഥാർഥത്തിൽ ഒരു ന്യൂനപക്ഷ ഭരണകൂടമാണെന്ന് യൂറോ ഇന്‍റലിജൻസ് വിശകലന വിദഗ്ധരുടെ പക്ഷം. മന്ത്രിമാരുടെ പരസ്പര സമ്മതം മാത്രമല്ല, ബില്ലുകൾ നിയമസഭയിൽ പാസാക്കുന്നതിന് പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകളും ആവശ്യമായി വരുമെന്ന് അവർ പറയുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എല്ലാവരെയും പുനഃരുപയോഗിക്കാൻ ഒരുങ്ങുന്ന ഒരു സർക്കാറിനെ കാണുന്നതുതന്നെ എന്നെ ക്ഷുഭിതനാക്കുന്നുവെന്ന് ഇടതുപക്ഷ ഗ്രൂപ്പിന്റെ സാമാജികർക്ക് നേതൃത്വം കൊടുക്കുന്ന മത്തിൽഡെ പനോട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.