ഫ്രാൻസിൽ ഇടത് സഖ്യത്തിന് മുന്നേറ്റം; തൂക്കുമന്ത്രിസഭക്ക് സാധ്യത
text_fieldsപാരീസ്: ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ് (എൻ.എഫ്.പി) മുന്നിട്ടുനിൽക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്‍റെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത.
577 അംഗ നാഷനല്‍ അസംബ്ലിയില്‍ അധികാരത്തിലെത്താന്‍ 289 സീറ്റാണ് വേണ്ടത്. ഇടതുപക്ഷം 172 മുതൽ 192 വരെ സീറ്റുകളിൽ ജയിച്ചുകയറുമെന്നാണ് സൂചന. ഇമ്മാനുവൽ മക്രോണിന്‍റെ മിതവാദി സഖ്യം 150 മുതൽ 170 സീറ്റുകൾ വരെ സ്വന്തമാക്കും. ഇരു സഖ്യവും ഒന്നിച്ച് നിന്നാൽ അധികാരത്തിലേറാനാകും. ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളിൽ സൂചനകൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർ.എൻ) സഖ്യമായിരുന്നു മുന്നിലെത്തിയിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോഴാണ് ആർ.എൻ സഖ്യത്തിന്‍റെ ലീഡ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.