‘വംശീയ’ അടയാളം, ‘ഞങ്ങൾ മറക്കില്ല, പൊറുക്കില്ല’ എന്ന മുന്നറിയിപ്പും; ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ധരിപ്പിച്ച വേഷത്തിനെതിരെ വിമർശനം
text_fieldsഇസ്രായേൽ നൽകിയ പുതിയ വേഷത്തിൽ ഫലസ്തീൻ തടവുകാർ
റാമല്ല: ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തിൽ ഫലസ്തീൻ തടവുകാരെ വിട്ടയച്ചത് പുതിയ വേഷത്തിൽ. 'വംശീയ' അടയാളമായി കണക്കാക്കുന്ന ഇസ്രായേൽ ദേശീയ പതാകയിലെ ആറു കോണുകളുള്ള നീല നക്ഷത്രം (സ്റ്റാർ ഓഫ് ഡേവിഡ്) പതിച്ച ട്രാക്ക് സ്യൂട്ട് ആണ് ഫലസ്തീൻ തടവുകാർക്ക് ധരിക്കാൻ ഇസ്രായേൽ പ്രിസൺ സർവീസ് (ഐ.പി.എസ്) നൽകിയത്.
കഴിഞ്ഞ അഞ്ച് കൈമാറ്റത്തിലും ഫലസ്തീൻ തടവുകാരെ ധരിപ്പിച്ചിരുന്നത് ഇസ്രായേൽ പ്രിസൺ സർവീസിന്‍റെ കറുത്ത ലോഗോ മാത്രം പതിച്ച ചാരനിറത്തിലുള്ള ട്രാക്ക് സ്യൂട്ട് ആയിരുന്നു. എന്നാൽ, വെള്ള നിറത്തിലുള്ള പുതിയ ട്രാക്ക് സ്യൂട്ടിൽ നീല നക്ഷത്രത്തിന് പുറമേ ഇസ്രായേൽ പ്രിസൺ സർവീസിന്‍റെ കറുത്ത ലോഗോയും പതിച്ചിട്ടുണ്ട്. കൂടാതെ, ട്രാക്ക് സ്യൂട്ടിന്‍റെ പിറകിൽ 'ഞങ്ങൾ മറക്കില്ല, പൊറുക്കില്ല' എന്ന് കറുത്ത നിറത്തിൽ മുന്നറിയിപ്പ് വാചകവും പ്രിന്‍റ് ചെയ്തിട്ടുണ്ട്.
ഇസ്രായേൽ ദേശീയ പതാകയുടെ മധ്യത്തിലെ ആറ് കോണുകളുള്ള നീല നക്ഷത്രം (ഡേവിഡ് നക്ഷത്രം) ജൂത സ്വത്വത്തെയും ജൂത മതത്തെയും പ്രതിനിധീകരിക്കുന്നതാണ്. 1897ൽ സ്വിറ്റ്സർലൻഡിലെ ബാസലിൽ നടന്ന ആദ്യത്തെ സയണിസ്റ്റ് കോൺഗ്രസിലാണ് മധ്യകാലഘട്ടത്തിലെ പ്രാഗിൽ നിന്നുള്ള ഈ ജൂത ചിഹ്നത്തെ ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ടത്.
അതേസമയം, ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയത് രണ്ട് തരത്തിലുള്ള വേഷത്തിലാണ്. ബന്ദികളാക്കപ്പെട്ട സൈനികരെ ഇസ്രായേൽ സൈന്യത്തിന്‍റെ യൂനിഫോമിന് സമാനമായ പച്ച നിറത്തിലുള്ള വേഷത്തിലും മറ്റുള്ളവരെ വ്യത്യസ്ത നിറത്തിലുള്ള ട്രാക്ക് സ്യൂട്ടിലുമായിരുന്നു. കൂടാതെ, ബന്ദികൾക്ക് സമ്മാനങ്ങളും ഫോട്ടോ ആൽബങ്ങളും മോചന സർട്ടിഫിക്കറ്റുകളും ഹമാസ് നൽകിയിരുന്നു.
ഫലസ്തീൻ തടവുകാരുടെ വസ്ത്രത്തിൽ ‘വംശീയ’ അടയാളം പതിച്ചതിനെ അപലപിച്ച് ഹമാസ് രംഗത്തെത്തി. ‘നമ്മുടെ വീരന്മാരുടെ മുതുകിൽ വംശീയ മുദ്രാവാക്യങ്ങൾ പതിക്കുകയും അവരോട് ക്രൂരതയോടെ പെരുമാറുകയും മാനുഷിക നിയമങ്ങളും മാനദണ്ഡങ്ങളും നഗ്നമായി ലംഘിക്കുകയും ചെയ്തതിനെ അപലപിക്കുന്നു’ - ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ തടവുകാർക്ക് ചികിത്സ നൽകുന്നതിൽ ധാർമിക മൂല്യങ്ങൾ പാലിച്ചില്ലെന്നും ഹമാസ് കുറ്റപ്പെടുത്തി.
ഗസ്സ വെടിനിർത്തലിന്‍റെ ഭാഗമായുള്ള ആറാംഘട്ട കൈമാറ്റത്തിൽ മുന്ന് ഇസ്രായേലികളെയും 333 ഫലസ്തീനികളെയുമാണ് ഇസ്രായേലും ഹമാസും വിട്ടയച്ചത്. അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ-ചെൻ, റഷ്യൻ-ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നിവരാണ് ഹമാസ് കൈമാറിയ ബന്ദികൾ.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രികളിലെ റിപ്പോർട്ട് പ്രകാരം ഗസ്സ ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ഒക്‌ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 48,264 ആയി ഉയർന്നു. 1,11,688 പേർക്ക് പരിക്കേറ്റു. ആകെ മരണസംഖ്യ 61,000 കവിയുമെന്നാണ് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.