പെഗസസ് സൈബർ ആക്രമണം സ്ഥിരീകരിച്ച് ഫ്രഞ്ച് സർക്കാർ ഏജൻസി
text_fieldsന്യൂഡൽഹി: പെഗസസ് സൈബർ ആക്രമണം ആദ്യമായി സ്ഥിരീകരിച്ച് ഒരു സർക്കാർ ഏജൻസി. ഫ്രാൻസ് ദേശീയ സൈബർ സുരക്ഷ ഏജൻസിയായ എ.എൻ.എസ്.എസ്.ഐയാണ് രാജ്യത്തെ രണ്ടു മാധ്യമപ്രവർത്തകരുടെ ഫോണിൽ ചാര സോഫ്റ്റ്വെയർ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. രാജ്യത്തെ ഓൺലൈൻ അന്വേഷണാത്മക ജേണൽ മീഡിയപാർട്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
'എ.എൻ.എസ്.എസ്.ഐ നടത്തിയ പഠനത്തിൽ ആംനസ്റ്റി ഇന്‍റർനാഷനൽ സുരക്ഷ ലാബ് നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു' -മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തു.
പെഗസസ് ചാര സോഫ്റ്റ്വെയർ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ച 17 മാധ്യമങ്ങളിൽ മീഡിയപാർട്ടും ഉൾപ്പെടും. ആഗോളതലത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ മൊബൈൽ ഫോണുകൾ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്നാണ് കണ്ടെത്തലുകൾ.
ഇന്ത്യയിൽ 'ദ വയർ' ഒാൺലൈന്‍ പോർട്ടലാണ് അന്വേഷണത്തിൽ പങ്കെടുത്ത മാധ്യമം. രാജ്യത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സുപ്രീംകോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പാർലമെന്‍റിലെ ഇരുസഭകളുടെ അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ രീതിയിലാണ് വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്.
ഫ്രഞ്ച് സർക്കാർ ഏജൻസി ചാര സോഫ്റ്റ്വെയറിനെക്കുറിച്ച് സ്ഥിരീകരിച്ചെങ്കിൽ, ഇന്ത്യൻ സർക്കാർ ഇക്കാര്യം തള്ളികളയുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. സർക്കാർ ഭരണസംവിധാനങ്ങൾക്ക് മാത്രമാണ് പെഗസസ് സേവനം ലഭ്യമാകൂ. അതിനാൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാകുമെന്നതിനാലാണ് ഈ പിന്മാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.