പുരോഹിതരുടെ പീഡനത്തിന് പ്രായശ്ചിത്തം; മുട്ടുകുത്തി പ്രാർഥിച്ച് ബിഷപ്പുമാർ
text_fieldsപാരിസ്: വർഷങ്ങളോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പുരോഹിതൻമാരുടെ നടപടിക്ക് ഫ്രാൻസിലെ ലൂർദ് ദേവാലയത്തിൽ മുട്ടുകുത്തിനിന്ന് കത്തോലിക്ക സഭയിലെ മുതിർന്ന ബിഷപ്പുമാരുടെ പ്രായശ്ചിത്തം. കാലങ്ങളായി സഭക്കുള്ളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ സഭയുടെ ഉത്തരവാദിത്തം ബിഷപ്പുമാർ ഔദ്യോഗികമായി ഏറ്റെടുത്തതിനു പിന്നാലെയാണിത്.
ശനിയാഴ്ചയായിരുന്നു കത്തോലിക്ക സഭയിലെ പുരോഹിതര്‍ ക്രിസ്ത്യാനികളുടെ തീർഥാടന കേന്ദ്രമായ ലൂര്‍ദില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചത്. എന്നാൽ പ്രായശ്ചിത്തമല്ല നഷ്ടപരിഹാരമാണ് വേണ്ടതെന്ന് പീഡനത്തെ അതിജീവിച്ചവർ പ്രതികരിച്ചു. സഭയുടെ സമഗ്രപരിഷ്കാരത്തിെൻറ വിശദവിവരങ്ങളറിയാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
ലൂർദിൽ വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധാനം ചെയ്യുന്ന ശിൽപത്തിെൻറ അനാച്ഛാദനത്തിൽ 120ഓളം ആർച് ബിഷപ്പുമാരും സാധാരണക്കാരുമാണ് ഒത്തുകൂടിയത്. ചടങ്ങിൽ പുരോഹിതന്മാർ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല.
അതേസമയം, ലൈംഗികാതിക്രമം നേരിട്ടവരിൽ പലരും ചടങ്ങിൽനിന്ന് വിട്ടുനിന്നു. തങ്ങൾക്ക് നീതിയാണ് വേണ്ടതെന്ന് അവർ പ്രതികരിച്ചു. ചെറുപ്പത്തിൽ പുരോഹിതനിൽനിന്ന് ലൈംഗികപീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാ. ജീൻ മാരി ഡെൽബോസ് ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരോഹിതനെ ശിക്ഷിക്കുയാണ് വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
1950 മുതൽ 2,16,000 കുട്ടികളെയാണ് കത്തോലിക്ക പുരോഹിതർ പീഡിപ്പിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സഭയിലെ താഴ്ന്ന തട്ടിലുള്ളവരെ പീഡിപ്പിച്ചതിെൻറ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 3,30,000 കടക്കുമെന്നും സ്വതന്ത്ര അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. 2018 ൽ ഫ്രഞ്ച് കത്തോലിക്ക സഭയാണ് അന്വേഷണത്തിന് കമീഷനെ നിയോഗിച്ചത്. സംഭവം സഭയുടെ അന്തസ്സിന് നാണക്കേടുണ്ടാക്കിയെന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.