ഫ്രഞ്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ പൊട്ടി പ്രസിഡൻറ് മാക്രോണിെൻറ കക്ഷിയും തീവ്ര വലതുപക്ഷവും
text_fieldsപാരിസ്: ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിനും അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മോഹങ്ങളുമായി അങ്കം കൊഴുപ്പിച്ച് മുന്നേറുന്ന മാരിൻ ലി പെൻ നയിക്കുന്ന തീവ്ര വലതുപക്ഷത്തിനും കനത്ത തിരിച്ചടി. മാരിൻ ലി പെന്നിെൻറ നാഷനൽ റാലി ഏറെ പ്രതീക്ഷ വെച്ച മാഴ്സെ, നൈസ് പട്ടണങ്ങൾ ഉൾപെടുന്ന ആൽപ്സ് പ്രവിശ്യയിൽ രണ്ടാമതായതായി എക്സിറ്റ് പോൾ പ്രവചനങ്ങൾ പറയുന്നു. ഇവിടെ അധികാരം പിടിച്ച് 2022ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജനഹിതമുറപ്പിക്കുകയായിരുന്നു തീവ്ര വലതുപക്ഷത്തിെൻറ ലക്ഷ്യം. എന്നാൽ, നാഷനൽ റാലി 45 ശതമാനമോ അതിൽ താഴെയോ സീറ്റുകൾ മാത്രമേ നേടൂ എന്നാണ് ഒടുവിലെ സൂചനകൾ. യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കൻമാർ ഇവിടെ 55 ശതമാനം വോട്ടുനേടി അധികാരത്തിലേറും.
ഉത്തര മേഖലയായ ഹോട്സ് ഡി ഫ്രാൻസിൽ സാവിയർ ബെർട്രൻഡ് നയിക്കുന്ന കക്ഷിക്കാണ് മേൽക്കൈ. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മാക്രോണിന് എതിരാളിയാകുമെന്ന് കരുതുന്നയാളാണ് ബെർട്രൻഡ്.
ജനം പോളിങ് ബൂത്തുകളിൽനിന്ന് വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ താഴെയായിരുന്നു ഇത്തവണ വോട്ടെടുപ്പ്. മാക്രോൺ നയിക്കുന്ന ല റിപ്പബ്ലിക് എൻ മാർച്ചിനും ഇത്തവണ ഒരു മേഖലയിലും അധികാരം പിടിക്കാനായിട്ടില്ല.
ആദ്യമായാണ് മാക്രോണിെൻറ കക്ഷി പ്രാദേശിക തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. അവസാനമായി ഈ തെരഞ്ഞെടുപ്പ് നടന്നത് 2015ലായിരുന്നു. അന്ന് മാക്രോൺ കക്ഷി രൂപവത്കരിച്ചിരുന്നില്ല.
പരമ്പരാഗത മിതവാദ വലതുപക്ഷത്തിനൊപ്പം ഇടതുപാർട്ടികളും ഇത്തവണ നേട്ടമുണ്ടാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.