ഫ്രാൻസിലെ വിരമിക്കൽ പ്രായം ഉയർത്തൽ: ഫ്രഞ്ച് പ്രഥമ വനിതയുടെ ബന്ധുവിനു നേരെ പ്രതിഷേധക്കാരുടെ ആക്രമണം
text_fieldsപാരിസ്: വിരമിക്കൽ പ്രായമുയർത്താനുള്ള ഫ്രഞ്ച് സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് പ്രഥമ വനിത ബ്രിഗിറ്റെ മാക്രോണിന്റെ ബന്ധുവിനു നേരെ ആക്രമണം. ബ്രിഗിറ്റെയുടെ അനന്തരവനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തെ പ്രഥമ വനിത അപലപിച്ചു. ബന്ധുവിനു നേരെയുള്ള ആക്രമണം ഭീരുത്വവും വിഡ്ഢിത്തവുമായ അക്രമമാണ്. ഞാൻ കുടുംബത്തോട് പൂർണമായും ഐക്യപ്പെടുന്നു. ഇന്നലെ രാത്രി 11 മുതൽ നിരന്തരം കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. -ബ്രിഗിറ്റെ വ്യക്തമാക്കി.
ബ്രിഗിറ്റെയുടെ ബന്ധു 30 കാരനായ ജീൻ-ബാപ്റ്റിസ്റ്റ് ട്രോഗ്നക്സ് ഫ്രഞ്ച് നഗരമായ അമിയൻസിൽ ചോക്ലേറ്റ് ഷോപ്പ് നടത്തുകയാണ്. ഷോപ്പ് അടച്ച ശേഷം തന്റെ അപ്പാർട്ട്മെന്റിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്. അക്രമികൾ രക്ഷപ്പെടുന്നതിന് മുമ്പ് പ്രസിഡന്റിനെയും ഭാര്യയെയും തങ്ങളുടെ കുടുംബത്തെയും അപമാനിച്ചുവെന്ന് ജീൻ ബാപ്റ്റിസ്റ്റിന്റെ പിതാവ് ജീൻ -അലക്സാണ്ടർ ട്രോഗ്നക്സ് എ.എഫ്.പിയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആക്രമണം അംഗീകരിക്കാനാകാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൻ മാക്രോൺ പറഞ്ഞു. അത് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വിരമിക്കൽ പ്രായം 62ൽ നിന്ന് 64 ലേക്ക് ഉയർത്തുന്ന ജനകീയമല്ലാത്ത പെൻഷൻ പ്രായം ഉയർത്തൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മാക്രോൺ കൂട്ടിച്ചേർത്തു. ജീൻ-ബാപ്റ്റിസ്റ്റ് ട്രോഗ്നക്സ് ആക്രമിക്കപ്പെട്ടത് തങ്ങളുടെ ബന്ധുവായതിനാലാണ്. ഈ നടപടി ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് - ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.