പ്ലേബോയ് മാസികയുടെ മുഖചിത്രമായി ഫ്രഞ്ച് വനിത മന്ത്രി; ഫ്രാൻസിൽ വിവാദം
text_fieldsപാരീസ്: പ്ലേബോയ് മാസികയുടെ കവർ ചിത്രമാകുന്നത് ഫെമിനിസമാണോ? ആണെന്നാണ് ഫ്രഞ്ച് വനിത മന്ത്രിയുടെ വാദം. അതേസമയം, മന്ത്രി പ്ലേബോയ് മാസികയുടെ മുഖചിത്രമായതിൽ ഫ്രാൻസിൽ വിവാദം പുകയുകയാണ്. സാമൂഹികസമ്പദ്ഘടനാ മന്ത്രിയായ മർലിൻ ഷ്യാപ്പയാണ് ഡിസൈനൽ വസ്ത്രങ്ങളിഞ്ഞ് പ്ലേബോയ് മാസികയുടെ മുഖചിത്രമായത്.
സ്ത്രീകളുടെയും സ്വവർഗാനുയായികളുടെയും അവകാശങ്ങളെ കുറിച്ച് 12 പേജ് വരുന്ന മന്ത്രിയുടെ അഭിമുഖവും മാസികയിലുണ്ട്. സ്ത്രീ അനുകൂല എഴുത്തുകാരി കൂടിയാണ് മർലിൻ. മന്ത്രിക്കെതിരെ ഇടതുപക്ഷ പാർട്ടികളിലെ നേതാക്കളാണ് രംഗത്തെത്തിയത്. എന്നാൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണ് മാസികയുടെ കവർ ചിത്രമായതെന്നാണ് 40കാരിയായ മർലിന്റെ വാദം. ഏപ്രിൽ-ജൂൺ ലക്കത്തിലെ ഫ്രഞ്ച് പതിപ്പിലാണ് മന്ത്രിയുടെ ചിത്രങ്ങളും അഭിമുഖവുമുള്ളത്.
''സ്ത്രീകൾക്ക് അവരുടെ ശരീരം കൊണ്ട് ഇഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം എല്ലായിടത്തും എല്ലായ്പ്പോഴും സംരക്ഷിക്കണം''-എന്നാണ് ഇതിനു മറുപടിയായി മർലിൻ ട്വീറ്റ് ചെയ്തത്. പിന്തിരിപ്പൻമാരെയും കപടവിശ്വാസികളെയും അലോസരപ്പെടുത്തിയാലും ഇല്ലെങ്കിലും ഫ്രാൻസിൽ സ്ത്രീകൾ സ്വതന്ത്രരാണെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് സമരങ്ങളും പെൻഷൻപ്രായം ഉയർത്തുന്നതിൽ അക്രമാസക്തമായ പ്രക്ഷോഭങ്ങളും നടക്കുന്ന അവസരത്തിലുള്ള മർലിന്റെ പ്രവൃത്തിയെ പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമർശിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുള്ള സമയം ഇതല്ലെന്നാണ് അവർ പറഞ്ഞത്. വനിതാവകാശപ്രവർത്തകയായ എം.പി. സന്ദ്രൈൻ റൂസോയും അനവസരത്തിലുള്ള മന്ത്രിയുടെ വിപ്ലവത്തെ വിമർശിച്ചു.
അതിനിടെ, അശ്ലീല മാസികയല്ല പ്ലേബോയ് എന്നും ഏതാനുംതാളിലെ നഗ്നചിത്രങ്ങൾ ഒഴിച്ചാൽ, മൂന്നുമാസത്തിലൊരിക്കൽ ഇറക്കുന്ന 300 പേജുള്ള പതിപ്പ് ബൗദ്ധികകാര്യങ്ങളും പുത്തൻപ്രവണതകളുമാണ് കൈകാര്യംചെയ്യുന്നതെന്നും പത്രാധിപർ ഴാങ് ക്രിസ്റ്റഫ് ഫ്ലൊറന്റീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.