വനിതാ ഫുട്ബാൾ താരങ്ങൾക്ക് ഹിജാബ് ധരിക്കുന്നതിൽ വിലക്ക്; അപലപിച്ച് ഫ്രഞ്ച് മന്ത്രി
text_fieldsകളിക്കളത്തിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്കിനെതിരെ പോരാടുന്ന മുസ്‍ലിം വനിതാ ഫുട്ബാളർമാർക്ക് പിന്തുണയുമായി ഫ്രാൻസിലെ ലിംഗ സമത്വ മന്ത്രി എലിസബത്ത് മൊറേനൊ. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം കളിക്കാർ പ്രകടമായ മതചിഹ്നങ്ങളുമായി മത്സരങ്ങളില്‍ പങ്കെടുക്കാൻ പാടില്ല.
മുസ്‍ലിം സ്ത്രീകൾ ധരിക്കുന്ന ഹിജാബിന് പുറമേ ജൂതമതക്കാർ ധരിക്കുന്ന കിപ്പയ്ക്കും വിലക്കുണ്ട്. "les Hijabeuses" എന്ന വനിതാ കൂട്ടായ്മ കഴിഞ്ഞ വർഷം നവംബറിൽ നടപ്പിലാക്കിയ നിയമങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, നിയമങ്ങൾ വിവേചനപരമാണെന്നും തങ്ങളുടെ മതം ആചരിക്കാനുള്ള അവകാശം ലംഘിക്കുകയാണെന്നും അവർ വാദിച്ചു.
അതേസമയം, പെണ്‍കുട്ടികള്‍ക്ക് തലമറച്ച് ഫുട്ബോള്‍ കളിക്കാമെന്നാണ് നിയമം പറയുന്നതെന്ന് മന്ത്രി എലിസബത്ത് മൊറേനോ പറഞ്ഞു. 'ഫുട്ബോള്‍ മൈതാനത്ത് ഹിജാബ് നിരോധിതമായ ഒരു വസ്തുവല്ല. നിയമത്തെ മാനിക്കണമെന്നാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് പറയാനുള്ളത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും' അവര്‍ പറഞ്ഞു.
കായിക മത്സരങ്ങളിൾ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിൽ കഴിഞ്ഞ മാസം ഫ്രഞ്ച് സെനറ്റിനു മുന്നിലെത്തിയിരുന്നു. വലതുപക്ഷ റിപബ്ലിക്കനുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി ബിൽ തള്ളിയിരുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ ലെസ് റിപബ്ലിക്കൻസ് പ്രതിനിധികളായിരുന്നു സെനറ്റിൽ ബിൽ അവതരിപ്പിച്ചത്. കളിക്കളത്തിൽ നിഷ്പക്ഷത നിർബന്ധമാണെന്നു പറഞ്ഞായിരുന്നു വിലക്കിനു നീക്കം. ഫ്രഞ്ച് ഭരണകൂടം എതിർത്തെങ്കിലും 143നെതിരെ 160 വോട്ടുകൾക്കാണ് ബിൽ സെനറ്റിൽ പാസായത്.
സ്പോർട്സ് ഫെഡറേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും പ്രകടമായ മതചിഹ്നങ്ങൾ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലിൽ വിലക്കേർപ്പെടുത്തിയത്. തലമറച്ച് കായിക മത്സരങ്ങൽ പങ്കെടുക്കുന്നത് അത്ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി. നിയമം ഔദ്യോഗികമായി നടപ്പിലായാൽ 2024ലെ പാരിസ് ഒളിംപിക്സിനും അതു ബാധകമാകുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.