ഇമ്മാനുവൽ മാക്രോൺ ഷേക്ഹാൻഡിനായി കൈനീട്ടി, യുവാവ് മുഖത്തടിച്ചു; വിഡിയോ വൈറൽ
text_fieldsപാരീസ്: രാജ്യവ്യാപക പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് നേരെ ആക്രമണം. തെക്കുകിഴക്കൻ ഫ്രാൻസിലേക്കുള്ള യാത്രക്കിടെയാണ് കാണികൾക്കിടയിൽ നിന്നൊരാൾ മാക്രോണിന്‍റെ മുഖത്തടിച്ചത്. മറ്റൊരാളെയും ആക്രമി ഉപദ്രവിക്കാൻ ശ്രമിച്ചതായി പ്രാദേശിക പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാദേശിക സമയം ഉച്ചക്ക് 1.20ന് ഡ്രോം പ്രവിശ്യയിലെ ടെയിൻ-എൽ ഹെർമിറ്റേജ് പട്ടണത്തിലാണ് സംഭവം. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ജോലി ചെയ്യാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഒരു ഹൈസ്കൂൾ സന്ദർശിച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു മാക്രോൺ.
ഇരുമ്പുവേലിക്ക് പിന്നിൽ നിന്ന കാണികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാക്രോൺ അവരുടെ അടുത്തേക്ക് പോയത്. ഇതിനിടെ കാണികളിലൊരാൾക്ക് നേരെ ഷേക് ഹാൻഡ് നൽകാൻ മാക്രോൺ നീട്ടിയ കൈ തട്ടിമാറ്റി പ്രസിഡന്‍റിന്‍റെ ഇടത് കവിളിൽ അടിക്കുകയായിരുന്നു.
ഉടൻതന്നെ കൂടുതൽ ആക്രമണത്തിൽ നിന്ന് മാക്രോണിനെ രക്ഷിച്ച അംഗരക്ഷകർ അക്രമി പിന്നിലേക്ക് തള്ളിമാറ്റി. തുടർന്ന് പ്രസിഡന്‍റിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബി.എഫ്.എം ടി.വി റിപ്പോർട്ട് ചെയ്തു. മുഖത്തടിച്ചതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മാക്രമോണിന്‍റെ ഒാഫിസ് സംഭവം സ്ഥിരീകരിച്ചു.
അടുത്ത വർഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാക്രോൺ വീണ്ടും വിജയിക്കുമെന്നാണ് റിപ്പോർട്ട്. അഭിപ്രായ വോട്ടെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് മറൈൻ ലെ പെന്നിനേക്കാൾ നേരിയ മുൻതൂക്കം മാക്രോൺ നേടിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം നേരിട്ട പ്രതിസന്ധി കഴിഞ്ഞ ഒരു വർഷമായി കൈകാര്യം ചെയ്ത ശേഷമാണ് ജനങ്ങളെ നേരിട്ട് കാണാൻ മാക്രോൺ തീരുമാനിച്ചത്. വരുന്ന രണ്ടു മാസത്തിനുള്ളിൽ ഒരു ഡസനോളം സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കാണാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.