ഫ്രഞ്ച് പ്രസിഡന്റ് ചൈനയിൽ
text_fieldsബെയ്ജിങ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൈന സന്ദർശിച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് ആവശ്യപ്പെട്ടു.
‘മാറിയ ലോകക്രമത്തിൽ ചൈനയും ഫ്രാൻസും തമ്മിൽ സംഭാഷണത്തിന് പ്രാധാന്യമേറെയാണ്. സംഘർഷഭരിതമായ സാഹചര്യത്തിലും പൊതുവായ വഴികൾ കണ്ടെത്താൻ കഴിയും. റഷ്യയെ അനുരഞ്ജനത്തിന്റെ വഴിയിലേക്ക് എത്തിക്കാൻ ചൈനക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ട്’ -മാക്രോൺ പറഞ്ഞു. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് മാക്രോൺ ബെയ്ജിങ്ങിലെത്തിയത്. യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയെൻ മാക്രോണിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്.
ഷി ജിൻപിങ്, പ്രധാനമന്ത്രി ലി ഖിയാങ് തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാങ്ഷോയിൽ വിദ്യാർഥികളുമായി ഇമ്മാനുവൽ മാക്രോൺ സംവദിക്കും.
രാഷ്ട്രീയ നേതാക്കൾ, ബിസിനസ് നേതാക്കൾ, കലാകാരന്മാർ തുടങ്ങിയവരുമായി ചർച്ചാസംഗമങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, നയതന്ത്ര ശ്രമങ്ങൾക്ക് ചൈനക്ക് ശേഷിയുണ്ടെങ്കിലും യുക്രെയ്നിലെ സാഹചര്യം സങ്കീർണമാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ഫോൺ സംഭാഷണം നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല. കഴിഞ്ഞ മാസം ഷി ജിൻപിങ് റഷ്യ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.