അബായ ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ
text_fieldsപാരിസ്: മുസ്ലിം മതപര വസ്ത്രമായ അബായ ധരിച്ചെത്തിയതിന് വിദ്യാർഥികളെ തിരിച്ചയച്ച് ഫ്രഞ്ച് സ്കൂളുകൾ. മുന്നോറോളം കുട്ടികളാണ് സ്കൂളിലേക്ക് അബായ ധരിച്ചെത്തിയത്. സ്കൂളിലെ വസ്ത്രധാരണ നിയമങ്ങൾ അറിയിച്ചതോടെ പലരും അബായ മാറ്റാൻ തയ്യാറായെന്നും ഇത് എതിർത്ത 67 കുട്ടികളെയാണ് പുറത്താക്കിയതെന്നും വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് സ്കൂളുകളിൽ അബായ നിരോധിക്കുകയാണെന്ന ഉത്തരവ് ഫ്രഞ്ച് സർക്കാർ പുറത്തിറക്കിയത്. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാർഥികൾ സ്കൂളിൽ എത്തരുതെന്നും നേരത്തെ ടി.എഫ്. വണ്ണിന് നൽകിയ അഭിമുഖത്തിൽ അത്താൽ പറഞ്ഞിരുന്നു. മുസ്ലിം വിദ്യാർഥിനികൾ അബായ ധരിക്കുന്നതിനെതിരെ തീവ്രവലതുപക്ഷ സംഘടനകൾ നേരത്തെ പ്രതിഷേധമുയർത്തിയിരുന്നു. അതേസമയം അഞ്ച് ദശലക്ഷം വരുന്ന മുസ്ലിം മതവിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് ഇടതുപക്ഷത്തിന്‍റെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.