ട്രംപിനെ വിമർശിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം; ശാസ്ത്രസമ്മേളനത്തിന് എത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞന് യു.എസ് പ്രവേശനം നിഷേധിച്ചു
text_fieldsവാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെ വിമർശിച്ച് സന്ദേശമിട്ട ഫ്രഞ്ച് ശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ച് യു.എസ്. മാർച്ച് ഒമ്പതിന് യു.എസിൽ നടന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ശാസ്ത്രജ്ഞൻ എത്തിയത്. യു.എസ് അധികൃതർ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ട്രംപിന് വിമർശിച്ച് സുഹൃത്തുക്കൾക്ക് പങ്കുവെച്ച സന്ദേശം കണ്ടെത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ ഗവേഷണ നയങ്ങളെ വിമർശിച്ചാണ് ശാസ്ത്രജ്ഞൻ സന്ദേശമിട്ടത്.
സംഭവത്തെ ഫ്രഞ്ച് സർക്കാർ ശക്തമായി അപലപിച്ചു. ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിന്റെ (സി.എൻ.ആർ.എസ്) അസൈൻമെന്റിനായാണ് ബഹിരാകാശ ശാസ്ത്രജ്ഞൻ യു.എസിലേക്ക പോയതെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ടെക്സാസിലെ ഹ്യൂസ്റ്റണിനടുത്തുള്ള വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ശാസ്ത്രജ്ഞനെ ക്രമരഹിതമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയത്.
പരിശോധനക്കിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തെ കംപ്യൂട്ടറും സ്വകാര്യ ഫോണും പരിശോധിച്ചതായും അവിടെ നിന്ന് ട്രംപ് ഭരണകൂടം ശാസ്ത്രജ്ഞരോട് പെരുമാറിയ രീതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന സന്ദേശങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
എഫ്.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗവേഷകനെ അറിയിച്ചെങ്കിലും യാതൊരു കുറ്റവും ചുമത്തില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടിയതിന് പിന്നാലെ നാടുകടത്തുകയും ചെയ്തു. യു.എസ് അധികൃതരുടെ നടപടികളെ ഫ്രഞ്ച് സർക്കാർ ശക്തമായി അപലപിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ ഗവേഷണ നയങ്ങളെക്കുറിച്ച് സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും നടത്തിയ വ്യക്തിപരമായ അഭിപ്രായ കൈമാറ്റങ്ങൾ ഗവേഷകന്റെ ഫോണിൽ ഉണ്ടായിരുന്നതിനാലാണ് യു.എസ് അധികാരികൾ ഈ നടപടി സ്വീകരിച്ചത് എന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.