ലിങ്കൺ മുതൽ ബുഷ് വരെ
text_fieldsന്യൂയോർക്: വ്യക്തികൾ തോക്ക് ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളിലെ വെടിവെപ്പും യു.എസിൽ അപൂർവ സംഭവമല്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായല്ല, ജനനേതാവിനെതിരെ നിറയൊഴിക്കുന്നത്. ഇതുവരെ നിരവധി പ്രസിഡന്റുമാരും പ്രസിഡന്റ് സ്ഥാനാർഥികളും വധശ്രമങ്ങൾ നേരിട്ടുണ്ട്. ചിലർ മരണത്തിന് കീഴടങ്ങി.
1865 അബ്രഹാം ലിങ്കൺ
യു.എസിന്റെ 16ാമത്തെ പ്രസിഡന്റായിരുന്നു അബ്രഹാം ലിങ്കൺ. രാജ്യത്ത് ആദ്യമായി വെടിയേറ്റു മരിച്ച പ്രസിഡന്റും അദ്ദേഹമാണ്. വാഷിങ്ടൺ ഡി.സിയിലെ തിയറ്ററിൽ ഭാര്യയോടൊപ്പം നാടകം ആസ്വദിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്. ജോൺ വിക്സ് ബൂത്ത് എന്ന 26കാരനാണ് വെടിവെച്ചത്. ഇയാൾ 12 ദിവസത്തിനുശേഷം വെടിയേറ്റുമരിച്ചു.
1881 ജെയിംസ് ഗാർഫീൽഡ്
20ാമത്തെ പ്രസിഡന്റായി ചുമതലയേറ്റ് ആറു മാസത്തിനുശേഷമാണ് വെടിവെപ്പിനിരയാകുന്നത്. വാഷിങ്ടൺ ഡി.സിയിലെ റെയിൽവേ സ്റ്റേഷനിൽ നടക്കവെയായിരുന്ന വധശ്രമം. ആഴ്ചകളോളം ചികിത്സയിലിരുന്നശേഷം മരിച്ചു. 39കാരനായ ചാൾസ് ഗിറ്റുവായിരുന്നു കൊലപാതകി. ഇയാളെ തൂക്കിക്കൊന്നു.
1901 വില്യം മകിൻലി
ന്യൂയോർക്കിലെ വേദിയിൽ പ്രസംഗിക്കവെയാണ് മകിൻലിക്ക് വെടിയേൽക്കുന്നത്. 25ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. എട്ടു ദിവസത്തിനുശേഷം മരിച്ചു. കുറ്റസമ്മതം നടത്തിയ ദിത്രോയിറ്റ് സ്വദേശിയായ ലിയോൺ എഫ്. സോൽഗോസിനെ (26) ആഴ്ചകൾക്കുശേഷം വധശിക്ഷക്ക് വിധേയനാക്കി.
1912 തിയഡർ റൂസ് വെൽറ്റ്
26ാമത്തെ പ്രസിഡന്റായിരുന്നു റൂസ് വെൽറ്റ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായിരുന്നു അദ്ദേഹം. വിസ്കോൺസിനിലെ മിൽവാകിയിലുള്ള ഗിൽപാട്രിക് ഹോട്ടലിൽവെച്ചാണ് വെടിയേറ്റത്. നെഞ്ചിൽ തറച്ച വെടിയുണ്ട അദ്ദേഹത്തിന്റെ മരണം വരെ അവശേഷിച്ചു. സംഭവത്തിൽ ബാർ ഉടമയായ ജോൺ ഷ്രാങ്ക് കുറ്റസമ്മതം നടത്തി.
1933 റൂസ് വെൽറ്റ്
32ാമത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്കലിൻ റൂസ് വെൽറ്റ് മിയാമിയിലാണ് വധശ്രമത്തിനിരയായത്. ഇറ്റാലിയൻ കുടിയേറ്റക്കാരനായ ഗിസപ്പേ സാംഗരയാണ് വെടിയുതിർത്തത്. സംഭവത്തിൽ റൂസ് വെൽറ്റ് രക്ഷപ്പെട്ടെങ്കിലും ചികാഗോ മേയർ ആന്റൺ സെർമർക് വെടിയേറ്റ് മരിച്ചു.
1963 ജോൺ കെന്നഡി
ഡാളസിലെ തെരുവിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് 35ാമത്തെ പ്രസിഡന്റായ കെന്നഡിക്ക് വെടിയേൽക്കുന്നത്.
മണിക്കൂറുകൾക്ക് ശേഷം മരിച്ചു. സംഭവത്തിൽ മുൻ നാവികസേന ഉദ്യോഗസ്ഥനായ ലീ ഹാർവേ ഓസ്വാൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനുശേഷം ഇയാൾ വെടിയേറ്റ് മരിച്ചു.
1968 റോബർട്ട് കെന്നഡി
മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രചാരണത്തിലായിരുന്നു. കാലിഫോർണിയ പ്രൈമറിയിൽ വിജയിക്കുകയും ചെയ്തു. വിജയ പ്രസംഗത്തിന് ശേഷമാണ് വെടിയേറ്റത്.
1972 ജോർജ് വെല്ലെസ്
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിലായിരുന്നു. മേരിലാൻഡിലെ പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നട്ടെല്ലിൽ തറച്ചതു കാരണം ജീവിതാവസാനം വരെ തളർന്നുകിടന്നു. വെടിവെച്ച ആർഥർ ബ്രമർക്ക് തടവുശിക്ഷ.
1975 ജെറാൾഡ് ഫോർഡ്
17 ദിവസത്തിനിടെ, രണ്ട് വധശ്രമങ്ങളിൽ രക്ഷപ്പെട്ട 38ാമത്തെ പ്രസിഡന്റ്. സാക്രോമെൻഡോയിലും സാൻ ഫ്രാൻസിസ്കോയിലും അദ്ദേഹത്തിനെതിരെ വെടിയുതിർത്തത് ലിനെറ്റ് ഫ്രോം, സാറ ജെയിൻ മൂറേ എന്നീ സ്ത്രീകളായിരുന്നു.
1981 റൊണാൾഡ് റീഗൺ
40ാമത്തെ പ്രസിഡന്റ്. വാഷിങ്ടൺ ഡി.സിയിൽ പ്രസംഗത്തിനുശേഷമാണ് വെടിയേറ്റത്. ജോൺ ഹിങ്ക്ലി ജൂനിയറായിരുന്നു പ്രതി. വധശ്രമത്തിൽനിന്ന് റീഗൺ കഷ്ടിച്ച് രക്ഷപ്പെട്ടു.
1994 ബിൽ ക്ലിന്റൺ
42ാമത്തെ പ്രസിഡന്റായ ക്ലിന്റൺ വൈറ്റ് ഹൗസിലായിരുന്നപ്പോഴാണ് ഫ്രാൻസിസ്കോ മാർട്ടിൻ ഡുറാൻ എന്നയാൾ വെടിയുതിർത്തത്. ക്ലിന്റന് വെടിയേറ്റില്ലെങ്കിലും ഡുറാന് 40 വർഷം തടവുശിക്ഷ വിധിച്ചു.
2005 ജോർജ് ബുഷ്
ജോർജിയ പ്രസിഡന്റ് മിഖായിൽ സാകഷ് വിലിയുമൊത്ത് ടിബിലിസിയിൽ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് വധശ്രമത്തിനിരയായത്. വ്ലാദിമിർ അരുട്യൂണിയൻ എന്നയാൾ വേദിയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് പൊട്ടിത്തെറിക്കാത്തതിനാൽ അമേരിക്കയുടെ 43ാമത്തെ പ്രസിഡന്റ് രക്ഷപ്പെട്ടു. അരുട്യൂണിയന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.