ആമസോൺ കാട്ടിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടികൾ ആശുപത്രി പരിചരണത്തിൽ
text_fieldsബാഗോട്ട: കൊളംബിയയിലെ ബാഗോട്ടയിലെ ആശുപത്രിയിൽനിന്ന് വരുന്നതും സന്തോഷ വാർത്തകൾ തന്നെ. വിമാനം തകർന്ന് ആമസോൺ കാട്ടിലകപ്പെട്ട് 40 ദിവസത്തിന് ശേഷം കണ്ടെത്തിയ നാലു കുഞ്ഞുസഹോദരങ്ങൾ അവിടെ സുഖമായിരിക്കുന്നു. പോഷകാഹാരക്കുറവും പ്രാണികളും മറ്റും കടിച്ച ചെറിയ മുറിവുകളും ഒഴിച്ചാൽ കുട്ടികൾക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല. ഭക്ഷണം കഴിക്കാൻ ചെറിയ പ്രയാസമുണ്ട്.
ആഴ്ചകളായി കാട്ടിൽ കഴിഞ്ഞതു കൊണ്ട് സാധാരണ ഭക്ഷണശീലവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുമെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. കാട്ടിൽ അവർ പാഷൻഫ്രൂട്ടിന് സമാനമായ ‘അവിച്യൂർ’ എന്ന പഴമാണ് കാര്യമായി കഴിച്ചിരുന്നത്. വിമാനം തകർന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് പഴമുള്ള മരം കണ്ടെത്തിയത്. വിളഞ്ഞുനിൽക്കുന്ന സമയമായത് ആശ്വാസമായി.
രണ്ട് കുട്ടികൾ കളിക്കുന്നുണ്ടെന്നും മാനസികാരോഗ്യം കൂടി ഉറപ്പാക്കിയേ ആശുപത്രിയിൽനിന്ന് അയക്കൂ എന്നും കൊളംബിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെൽഫെയർ ജനറൽ ഡയറക്ടർ ആസ്ട്രിഡ് കാസെറെസ് പറഞ്ഞു. രണ്ടോ മൂന്നോ ആഴ്ച നിരീക്ഷണത്തിനായി ആശുപത്രിയിൽ കിടത്തും. രണ്ട് കുട്ടികളുടെ പിറന്നാൾ കാട്ടിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിലായിരുന്നു. പിറന്നാളിനെ കുറിച്ചൊന്നും അവർക്ക് ആലോചിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ദുർബലമായ ആരോഗ്യാവസ്ഥ കാരണം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുന്നതിന് പരിമിതിയുണ്ട്.
പിതാവ് മാനുവൽ റണോയും മുത്തശ്ശിയും മറ്റ് അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. അമ്മ മഗ്ദലീന മുകുതുയ് പകർന്നുനൽകിയ മഴക്കാടുകളെക്കുറിച്ചുള്ള അറിവാണ് മൂത്തകുട്ടിക്ക് ഇളയവരെ സംരക്ഷിക്കാൻ സഹായകമായതെന്ന് മുത്തച്ഛൻ ഫിഡെറെൻഷ്യോ വലൻസ്യ പറഞ്ഞു. എന്നാൽ, മാതാവ് മരിച്ചുപോയെന്ന യാഥാർഥ്യം മനസ്സിലാക്കാനുള്ള പ്രായം ചെറിയ കുട്ടികൾക്ക് ആയിട്ടില്ല. ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കബോംബെയർ മുകുതുയ് (9), ടിയാൻ നോറെ റനോക് മുകുതുയ് (4) എന്നീ പെൺകുട്ടികളും 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് എന്ന കുഞ്ഞനുജനുമാണ് ആമസോൺ മഴക്കാട്ടിൽ അകപ്പെട്ടത്.
ഭർത്താവിനെ കാണാനായി മഗ്ദലീന മക്കളോടൊപ്പം മേയ് ഒന്നിന് ചെറുവിമാനത്തിൽ നടത്തിയ യാത്രയിലായിരുന്നു അപകടം. മാതാവിന്റെയും രണ്ട് പൈലറ്റുമാരുടെയും മൃതദേഹം മേയ് 15ന് കണ്ടെടുത്തു. കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് കുട്ടികൾ വിമാനാപകടം നടന്ന സ്ഥലത്തുനിന്ന് നടന്നുതുടങ്ങിയതായി വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.