ഗസ്സയിലെ ആശുപത്രിയിൽ ഇന്ധനക്ഷാമം; 20 നവജാത ശിശുക്കൾ മരണമുഖത്ത്
text_fieldsഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹ് അൽ അഖ്സ ആശുപത്രിയിൽ 20 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് കുട്ടികളുമായി ബന്ധപ്പെട്ട യു.എൻ ഏജൻസിയായ യൂനിസെഫ് മുന്നറിയിപ്പ് നൽകി. ഇന്ധനക്ഷാമം കാരണം ഓക്സിജൻ ജനറേറ്ററുകൾ പ്രവർത്തനം മുടങ്ങുമെന്ന സ്ഥിതിയാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ ഗുരുതര പരിക്കേറ്റ നിരവധി മുതിർന്നവരുടെ ചികിത്സയിലും പ്രതിസന്ധിയിലാണ്.
വൈദ്യുതി തടസ്സം കാരണം അൽ അഖ്സ ആശുപത്രിയിലെ ഉപകരണങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കാൻ കഴിയാതായിരുന്നു. ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന അടിയന്തര ഉപകരണങ്ങളും കൂടി നിശ്ചലമാകുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ ആധിക്യം കാരണം വരാന്തയിൽ തറയിൽ ഉൾപ്പെടെ കിടത്തിയാണ് ചികിത്സ നൽകുന്നത്. ചികിത്സ തേടിയെത്തുന്ന നിരവധി പേരെ തിരിച്ചയച്ചു. മറ്റു ആശുപത്രികളെയും ഇസ്രായേൽ സൈന്യം ലക്ഷ്യംവെക്കുന്നു.
വടക്കൻ ഗസ്സയിലെ അൽ ഔദ, കമാൽ അദ്വാൻ ആശുപത്രികൾക്ക് നേരെ നിരവധി ആക്രമണമുണ്ടായി. ആശുപത്രികളിലേക്ക് ഇരച്ചുകയറിയ സൈന്യം ചികിത്സയിലുള്ളവരോടും ആരോഗ്യ പ്രവർത്തകരോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. തെക്കൻ ഭാഗത്ത് റഫയിലും കനത്ത ആക്രമണം തുടരുകയാണ്. ഇവിടെ യൂറോപ്യൻ ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ അതിക്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.