ഇന്ധനക്ഷാമം; ശ്രീലങ്കയിൽ സ്കൂളുകൾ അടച്ചു, സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ട
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചു. അവശ്യ സർവിസുകളിലൊഴികെയുള്ള സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകേണ്ടെന്നും പബ്ലിക് അഡ്മിനിസ്ട്രേഷൻ മന്ത്രാലയം ഉത്തരവ് നൽകി. ഡീസലില്ലാത്തതിനാൽ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്തതിനാലാണ് സർക്കാർ ഉദ്യോഗസ്ഥരോട് ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടത്.
ദിവസങ്ങളായി ഇന്ധനത്തിനായി ആയിരക്കണക്കിനാളുകൾ വരിനിൽക്കുകയാണ്. അടുത്തിടെയായി ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനും പാചകവാതകത്തിനും പണം നൽകാതെ കടക്കെണിയിലാണ് രാജ്യം. ഇന്ധനമാവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രധാന റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്.
ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ദിവസം വിദേശകടത്തിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. രണ്ട് വിദേശ കടങ്ങളുടെ പലിശയിനത്തിൽ 7.8 കോടി ഡോളർ തിരിച്ചടക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. 1999ൽ പാകിസ്താനുശേഷം ആദ്യമായാണ് ഒരു ഏഷ്യൻ രാജ്യം വിദേശ കടത്തിന്റെ അടവ് മുടക്കുന്നത്. കടങ്ങൾ പുനഃക്രമീകരിക്കാതെ തിരിച്ചടക്കാനാവില്ലെന്ന യാഥാർഥ്യം മുന്നിൽനിൽക്കെ തിരിച്ചടവ് മുടങ്ങിയത് സാങ്കേതികം മാത്രമാണെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പ്രതികരിച്ചു. അടുത്ത ആറുമാസത്തേക്ക് ഒരു കടവും തിരിച്ചടക്കാനാവില്ലെന്ന് വ്യക്തമാക്കിയ സെൻട്രൽ ബാങ്ക്, പണപ്പെരുപ്പനിരക്ക് 40 ശതമാനം വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പ് നൽകി.
ഒമ്പത് മന്ത്രിമാർ അധികാരമേറ്റു
രാഷ്ട്രീയ സ്ഥിരതക്കായി പുതിയ സർക്കാറിൽ ഒമ്പത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഗോടബയ രാജപക്സെ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ച് ഒരാഴ്ചക്കുശേഷമാണ് മന്ത്രിമാർ ചുമതലയേറ്റത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗോടബയയുടെ സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെ രാജിവെച്ചതോടെയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്.
മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവേഗായയിലെയും രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയിലെയും അംഗങ്ങൾ മന്ത്രിസ്ഥാനങ്ങളിലുണ്ട്. മഹിന്ദ സർക്കാറിൽനിന്ന് നേരത്തേ രാജിവെച്ച പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി. കഴിഞ്ഞാഴ്ച പ്രസിഡന്റ് നാല് മന്ത്രിമാരെ നിയമിച്ചിരുന്നു. ധനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
പ്രസിഡന്റും പ്രധാനമന്ത്രിയും ഉൾപ്പെടെ മന്ത്രിസഭയിൽ 25 പേരെ ഉൾപ്പെടുത്താനാണ് തീരുമാനം. മുൻ മന്ത്രി നിമൽ സിരിപാല ഡിസിൽവ, സ്വതന്ത്ര എം.പിമാരായ സുശീൽ പ്രേമജയന്ത, വിജയദാസ രാജപക്സെ, ടിരൻ അല്ലീസ് എന്നിവരാണ് പുതുതായി അധികാരമേറ്റത്. നിമൽ സിരിപാലക്ക് തുറമുഖ വകുപ്പിന്റെയും നവാലിന് വ്യോമയാന സർവിസും സുശീലിന് വിദ്യാഭ്യാസവുമാണ് നൽകിയത്. കെഹേലിയ രാംബുക്വെല്ലയാണ് ആരോഗ്യമന്ത്രി. വിജയദാസ രാജപക്സെ നിയമ, ജയിൽ, ഭരണഘടന പരിഷ്കരണ വകുപ്പുകളും ഭരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.