ഫുകുഷിമയിലെ ‘വിഷജലം’ പുറന്തള്ളൽ; ഈ വർഷം പത്തുലക്ഷം ടൺ വെള്ളം കടലിൽ ഒഴുക്കും
text_fieldsടോക്യോ: 2011ലെ ഭൂകമ്പത്തിലും സൂനാമിയിലും തകർന്ന ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിൽനിന്നുള്ള പത്തുലക്ഷം ടൺ മലിനജലം ഈ വർഷം സമുദ്രത്തിലേക്ക് തള്ളും. ഈ വർഷം വസന്തകാലത്തോ വേനൽക്കാലത്തോ ആയിരിക്കും പുറന്തള്ളലെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകസു മറ്റ്സുനോ പറഞ്ഞു.
അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ)യിൽനിന്നുള്ള സമഗ്ര റിപ്പോർട്ട് സർക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിലയത്തിൽനിന്നുള്ള വെള്ളം പുറന്തള്ളൽ സുരക്ഷിതമാണെന്ന് ആണവോർജ ഏജൻസി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയൽ രാജ്യങ്ങളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്.
ദിവസം ഫുകുഷിമ പ്ലാന്റിൽ 100 ക്യുബിക് മീറ്റർ മലിനജലമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഭൂഗർഭ ജലം, സമുദ്രജലം, റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം അടക്കമാണിത്. ഇത് ശുദ്ധീകരിച്ച് റിയാക്ടറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലവിൽ 13 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് ഇങ്ങനെ സൂക്ഷിച്ചിട്ടുള്ളത്.
റിയാക്ടറിലെ വെള്ളം ശുദ്ധീകരിക്കുമ്പോൾ റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ വലിയതോതിൽ ഒഴിവാകുന്നുണ്ട്. എന്നാൽ, വെള്ളത്തിൽനിന്ന് ട്രിട്ടിയം ശുദ്ധീകരിച്ചുമാറ്റൽ അപ്രായോഗികമായതിനാൽ ഇത് ഉൾക്കൊള്ളുന്ന മലിനജലമാണ് പസഫിക് സമുദ്രത്തിലേക്ക് തള്ളുക. ട്രിട്ടിയം വലിയ അളവിൽ മാത്രമാണ് മനുഷ്യർക്ക് ദോഷകരമാവുക. അതേസമയം, അയൽരാജ്യങ്ങളും മത്സ്യത്തൊഴിലാളികളും ജപ്പാന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ജപ്പാൻ വിഷയത്തിൽ സുതാര്യത കാണിക്കുന്നില്ലെന്ന് പസഫിക് ഐലൻഡ്സ് ഫോറം കുറ്റപ്പെടുത്തി. പസഫിക് തീരവാസികളുടെ നിലനിൽപിൽ സുപ്രധാന പങ്കാണ് പസഫിക് മഹാസമുദ്രത്തിനുള്ളതെന്ന് ഫോറം സെക്രട്ടറി ജനറൽ ഹെൻറി പുന പറഞ്ഞു.
മലിനജലം പുറന്തള്ളും മുമ്പ് എല്ലാ സ്വതന്ത്ര ശാസ്ത്രീയ തെളിവുകളും പസഫിക് ഫോറത്തിന് കൈമാറുമെന്ന് ജപ്പാൻ ഉറപ്പ് നൽകിയെങ്കിലും ഇപ്പോൾ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെർണോബിലിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമായ ഫുകുഷിമയിൽ ആണവോർജ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിയിരുന്നു. ആണവനിലയത്തിന്റെ ഡീ കമീഷനിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണമാകാൻ നാല് പതിറ്റാണ്ട് വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.