ഒടുവിൽ റാമിയുടെ മയ്യിത്ത് തിരിച്ചുകിട്ടി; വർണ്ണപ്പടക്കങ്ങളുടെ അകമ്പടിയോടെ അന്ത്യയാത്ര -VIDEO
text_fieldsവെസ്റ്റ്ബാങ്ക്: ഇന്ന് പുലർച്ചെ വീണ്ടും ജറൂസലേമിലെ അനാത്ത പട്ടണത്തിന്റെ ആകാശത്ത് വർണപ്പടക്കങ്ങൾ തുരുതുരെ പൊട്ടിച്ചിതറി. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും തോളിൽ മയ്യിത്ത് കട്ടിലിൽ കിടന്ന റാമി മോൻ അത് കണ്ടുവോ എന്നറിയില്ല. ആ 12കാരൻ കാണുമെന്ന പ്രതീക്ഷയിലായിരിക്കും അവന്റെ അന്ത്യയാത്രയിൽ കൂട്ടുകാരും നാട്ടുകാരും പടക്കങ്ങൾക്ക് തിരികൊളുത്തിയത്. റാമിയുടെ വിയോഗത്തിന്റെ സങ്കടവും രക്തസാക്ഷ്യത്തിന്റെ സന്തോഷവും പ്രതീകവൽകരിച്ച് അവ ഫലസ്തീന്റെ വിണ്ണിൽ പലവർണങ്ങൾ വിരിയിച്ചു.
ഷുഅ്ഫത്ത് അഭയാർഥി ക്യാമ്പിൽ ആറുനാൾ മുമ്പ്, മാർച്ച് 12ന് കൂട്ടുകാർക്കൊപ്പം വർണപ്പടക്കം പൊട്ടിച്ചുകളിക്കവേ ആയിരുന്നല്ലോ ഇസ്രായേൽ സയണിസ്റ്റ് പട്ടാളക്കാരൻ റാമി ഹംദാൻ അൽ ഹൽഹൗലിയുടെ പിഞ്ചുഹൃദയം തുളച്ച് ബുള്ളറ്റ് തൊടുത്തത്. അവിടെ പിടഞ്ഞ് വീണ് മരിച്ച റാമിയുടെ മയ്യിത്ത് അധിനിവേശ സേന എടുത്തുകൊണ്ടുപോയി, ആറുദിവസം അജ്ഞാത കേന്ദ്രത്തിൽ ഒളിച്ചുവെച്ച ശേഷം ഇന്ന് പുലർച്ചെയാണ് തിരികെ നൽകിയത്.
بعد احتجاز دام لأيام.. وداع وتشييع الفتى رامي حلحولي الذي استشهد برصاص الاحتلال الإسرائيلي بمخيم شعفاط بالقدس المحتلة#حرب_غزة #فيديو pic.twitter.com/AtLOK1pWFf
— الجزيرة فلسطين (@AJA_Palestine) March 18, 2024
കുട്ടിത്തം മാറുംമുമ്പ് രക്തസാക്ഷ്യം വരിച്ച പിഞ്ചുമോന്റെ നെറ്റിയിൽ ഉപ്പയും ഉമ്മയും തുരുതുരെ ചുബിച്ചു. ശേഷം മയ്യിത്ത് നമസ്കാരനാന്തരം രാത്രി തന്നെ ഖബറടക്കവും നടത്തി. വീട്ടിൽനിന്ന് അനാത്തയിലെ ഖബർസ്ഥാനിലേക്ക് നൂറുകണക്കിന് ആളുകളുടെ അകമ്പടിയോടെയാണ് മയ്യിത്ത് കൊണ്ടുപോയത്. മൃതദേഹം കൊണ്ടുപോകുമ്പോൾ പടക്കം പൊട്ടിക്കുന്നതിന്റെ വിഡിയോ അൽജസീറ പുറത്തുവിട്ടു.
കർശനമായ വ്യവസ്ഥകളോടെയാണ് മൃതദേഹം കൈമാറിയതെന്ന് ഫലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാത്രി തന്നെ ഖബറടക്കുക, 50ൽ കൂടുതൽ പേർ അന്ത്യചടങ്ങുകളിൽ പങ്കെടുക്കരുത്, അനാത്ത പട്ടണത്തിലെ ഖബർസ്ഥാനിൽതന്നെ ഖബറടക്കുക തുടങ്ങി നിരവധി നിബന്ധനകളായിരുന്നു മുന്നോട്ടുവെച്ചത്. എന്നാൽ, അന്തയാത്രയിലും നമസ്കാരത്തിലും നൂറകണക്കിന് പേരാണ് പങ്കെടുത്തത്.
അതിനിടെ, റാമി ഹംദാനെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗ്വിർ അഭിനന്ദിച്ചത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇസ്രായേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കിയ “ഭീകരൻ” ആണ് റാമി ഹംദാൻ എന്നും അവനുനേരെ വെടിയുതിർത്ത സൈനികനെ സല്യൂട്ട് ചെയ്യുന്നു എന്നുമാണ് ഇറ്റാമിർ എക്സിൽ പോസ്റ്റ് ചെയ്തത്. കടുത്ത മുസ്‍ലിം, ഫലസ്തീൻ വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെൻ ഗ്വിർ. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പൂർണമായും നാടുകടത്തണമെന്ന് നേരത്തെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ബെൻ ഗ്വിറിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനമാണ് ഇസ്രായേലിൽനിന്നടക്കം ഉയർന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.