ചൈനക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകും; വമ്പൻ പദ്ധതികളുമായി ജി7 രാജ്യങ്ങൾ
text_fieldsലണ്ടൻ: വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് ജി7 ഉച്ചകോടി. ദരിദ്ര രാജ്യങ്ങളിൽ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതിയാണ് സ്വീകരിക്കുക.
ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻെറ നേതൃത്വത്തിൽ ജി7 രാജ്യങ്ങൾ നീക്കം നടത്തുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. യു.എസിൻെറ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്തായിരിക്കും ഇത് നടപ്പാക്കുക.
ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് ചൈന പണം നൽകി വികസനങ്ങൾ നടപ്പാക്കുന്നത്. ഇത് ചെറു രാജ്യങ്ങളെ അനിയന്ത്രിതമായ കടബാധ്യതയിലാക്കാണ് ചൈന എത്തിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്.
ചൈനയുടെ സാമ്പത്തിക - രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ പ്രസിഡൻറ് സിൻ ജിൻപിംഗ് 2013ലാണ് ബി.ആർ.ഐ പദ്ധതി ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ഉൽപ്പന്നങ്ങൾ ഈ രാജ്യങ്ങളിൽ വിറ്റഴിക്കാൻ ചൈനക്ക് സാധിച്ചു. വിശാലമായ നിക്ഷേപ പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനമല്ലാതെ മറ്റു ഉദ്ദേശ്യങ്ങളൊന്നും ഇല്ലെന്നാണ് ചൈന പറയുന്നത്.
എന്നാൽ, കടം കൊടുത്ത് കെണിയിൽ പെടുത്തുന്ന പദ്ധതിയാണ് ഇതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. പണം തിരിച്ചുനൽകാനാവാതെ ഈ രാജ്യങ്ങൾ ചൈനയുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വരും. ചൈനയുടെ ഈ നയത്തിന് മറുപടി നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ജി7 ഉച്ചകോടിയിൽ പുതിയ പദ്ധതി മുന്നോട്ടുവെച്ചത്.
വികസ്വര രാജ്യങ്ങൾക്ക് 40 ട്രില്യൺ ഡോളറിലധികം വരുന്ന അടിസ്ഥാന സകര്യങ്ങൾ വേണമെന്നും കോവിഡ് സാഹചര്യം ഇതിൻെറ ആവശ്യകത വർധിപ്പിച്ചെന്നും വൈറ്റ് ഹൗസ് പറയുന്നു. വരും വർഷങ്ങളിൽ ദരിദ്ര, വികസ്വര രാജ്യങ്ങൾക്കായി നൂറുകണക്കിന് ബില്യൺ ഡോളർ അടിസ്ഥാന സൗകര്യ നിക്ഷേപം ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് പദ്ധതി വഴി നടപ്പാക്കും.
പരിസ്ഥിതി, കാലാവസ്ഥ, തൊഴിൽ സുരക്ഷ, സുതാര്യത, അഴിമതി വിരുദ്ധത എന്നിവക്ക് പ്രാധാന്യം നൽകിയായിരിക്കും ധനസഹായം. ചൈനയുടേതിൽനിന്ന് വ്യത്യസ്തമായി ഏറെ സുതാര്യമായിരിക്കും നിക്ഷേപം. ഇതിൻെറ കൂടുതൽ വിവരങ്ങൾ ഞായറാഴ്ച നടക്കുന്ന ജി7 ഉച്ചകോടിയുടെ അന്തിമപ്രസ്താവനയിൽ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
അതേസമയം, ചൈനയുടെ സഹായം സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ജി7ലുള്ള ഇറ്റലി. 2019ലാണ് ചൈനയും ഇറ്റലിയും കരാറിൽ ഒപ്പുവെച്ചത്. ഇത് അമേരിക്കയെയും യൂറോപ്യൻ യൂനിയനെയും ഏറെ പ്രകോപിപ്പിച്ചിരുന്നു. യൂറോപ്യൻ യൂനിയനിലെ അംഗമായ ഗ്രീസും ചൈനയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.