ജി 7 ഉച്ചകോടിക്ക് സമാപനം; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിക്ക് പ്രതിജ്ഞാബദ്ധം
text_fieldsബാരി (ഇറ്റലി): ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴി അടക്കമുള്ള സുസ്ഥിര അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നതടക്കമുള്ള പ്രഖ്യാപനങ്ങളോടെ ജി 7 ഉച്ചകോടിക്ക് സമാപനം. നിയമവാഴ്ചയെ അടിസ്ഥാനമാക്കി സ്വതന്ത്രവും സുതാര്യവുമായ ഇന്തോ-പസഫിക് എന്ന പ്രതീക്ഷയും മൂന്നുദിവസമായി നടന്ന ഉച്ചകോടി പങ്കുവെച്ചു. യൂറോപ്യൻ യൂനിയൻ ഗ്ലോബൽ ഗേറ്റ്വേയടക്കമുള്ളവയും ഉച്ചകോടി ഭാവിപദ്ധതികളായി മുന്നോട്ടുവെക്കുന്നു.
ഏഷ്യ, പശ്ചിമേഷ്യ, പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഏകീകരണം ഉറപ്പാക്കാൻ സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ വിശാലമായ റോഡ്, റെയിൽറോഡ്, കപ്പൽ ശൃംഖല ഒരുക്കുകയാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ചൈനയെ തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, റഷ്യ, യൂറോപ് എന്നിവയുമായി ബന്ധിപ്പിക്കുന്ന വൻ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിനെ മറികടക്കുന്ന പദ്ധതിയാകുമിത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നാട്ടിലേക്ക് തിരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റിൻ ട്രൂഡോ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി തുടങ്ങിയ നേതാക്കളമായും ചർച്ച നടത്തി. സാങ്കേതികവിദ്യയുടെ കുത്തക അവസാനിപ്പിക്കണമെന്ന് മോദി ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു.
പരിഹസിച്ച് സുബ്രമണ്യൻ സ്വാമി
ന്യൂഡൽഹി: മോദി ജി-7 ഉച്ചകോടിക്ക് പോയതിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. കല്യാണത്തിന് പോയശേഷം താനായിരുന്നു വരനെന്ന് പറയുന്നപോലെയാണ് മോദിയുടെ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ജി-7 രാജ്യങ്ങളിൽ ഇന്ത്യയില്ല. അവിടത്തെ നടപടികൾ കാണാനുള്ള ക്ഷണമാണ് മോദിക്ക് ലഭിച്ചത്. സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്തിനാണ് മോദി പോയത്. ആ ഉന്നത സമ്മേളനത്തിന് തന്നെ വിളിച്ചെന്ന് നമ്മളോട് വീമ്പു പറയാനാണെന്ന് സ്വാമി ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.