റഷ്യയെ വരിഞ്ഞുമുറുക്കുമെന്ന് ജി7; ഉച്ചകോടി സമാപിച്ചു
text_fieldsഎൽമൗ (ജർമനി): യുക്രെയ്നിൽ അധിനിവേശം തുടരുന്ന റഷ്യയെ പരമാവധി ഒറ്റപ്പെടുത്താൻ പ്രതിജ്ഞയെടുത്ത് ജി7 ഉച്ചകോടി. എണ്ണ വിൽപന പ്രധാന വരുമാന സ്രോതസ്സായ റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നുറപ്പിച്ചാണ് ഉച്ചകോടി പിരിഞ്ഞത്.
റഷ്യൻ അധിനിവേശം തുടരുവോളം യുക്രെയ്നെ പിന്തുണക്കുമെന്ന് ജി7 ഉച്ചകോടി അന്തിമ പ്രസ്താവനയിൽ വ്യക്തമാക്കി. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തുന്നതടക്കമുള്ള സാമ്പത്തിക ഉപരോധത്തിന്റെ വിവിധ വശങ്ങൾ ജി7 കൂട്ടായ്മ തുടർന്നും ചർച്ച ചെയ്യും. റഷ്യയിൽനിന്നുള്ള സ്വർണത്തിന് വിലക്കേർപ്പെടുത്താൻ ജി7 രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കരിങ്കടലിലൂടെയുള്ള യുക്രെയ്ന്റെ ചരക്കുനീക്കം റഷ്യ തടഞ്ഞതോടെയുണ്ടായ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഉച്ചകോടി അറിയിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഉച്ചകോടി അന്തിമ പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. കഴിഞ്ഞദിവസം ക്രെമൻചുക്കിലെ ഷോപ്പിങ് മാളിൽ റഷ്യ നടത്തിയ ആക്രമണം മാനുഷികതക്ക് നിരക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി ഇതിനുപിന്നിലുള്ള വ്ലാദിമിർ പുടിനും കൂട്ടരും ലോകത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓർമിപ്പിച്ചു.
ക്രെമൻചുക്കിലെ ഷോപ്പിങ് മാളിൽ തിങ്കളാഴ്ചയാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.